seminar
കേരളകൗമുദിയും കേരള ഫയർ ആന്റ് റസ്‌ക്യൂ സർവീസും ചെറുകര എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫയർ ആന്റ് സേഫ്റ്റി സെമിനാർ പെരിന്തൽമണ്ണ തഹസിൽദാർ പി.ടി. ജാഫറലി ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കേരളകൗമുദി സെമിനാർ

പെരിന്തൽമണ്ണ: ഒരു തലമുറ വാർത്താമാദ്ധ്യമങ്ങളിലൂടെ മാത്രമാണ് പ്രകൃതി ദുരന്തങ്ങളെപ്പറ്റി അറിഞ്ഞിരുന്നതെങ്കിൽ ഇന്നെല്ലാവരും അതിന്റെ ഇരകളായി മാറുകയാണെന്ന് പെരിന്തൽമണ്ണ തഹസിൽദാർ പി.ടി. ജാഫറലി പറഞ്ഞു. കേരളകൗമുദിയും കേരള ഫയർ ആന്റ് റസ്‌ക്യൂ സർവീസും ചെറുകര എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫയർ ആന്റ് സേഫ്റ്റി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയം സംരക്ഷിക്കാനും മറ്റുള്ളവരെ രക്ഷിക്കാനും ഓരോരുത്തരും സജ്ജരാകേണ്ടത് അനിവാര്യതയായിട്ടുണ്ട്. ഇതേപ്പറ്റിയുള്ള അറിവുകൾ യുവജനങ്ങളിലേക്ക് കൂടുതലായി എത്തിക്കേണ്ടതുണ്ട്. ഇത്തരം സെമിനാറുകൾ യുവാക്കളെ രക്ഷാപ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിക്കും -തഹസിൽദാർ പറഞ്ഞു.

കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ. ജഗന്നാഥൻ അദ്ധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഫയർ ആന്റ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ സി.ബാബുരാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിദുരന്തങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഓരോ വ്യക്തിയും സുരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാൻമാരാകണമെന്ന് അദ്ദേഹം പറ‍ഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി സിവിൽ ഡിഫൻസ് ഫോഴ്സ് വിഭാഗത്തിന് കേരള ഗവൺമെന്റ് രൂപം നൽകിയതും എച്ച്.എസ്.എസ് തലം മുതൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് പഠന വിഷയമായി വരുന്നതും ഈ മേഖലയിലെ പ്രാധാന്യം വിളിച്ചോതുന്നു. ഓരോ പഞ്ചായത്തിലും സേവന സന്നദ്ധരായവരെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനുമായി ഓരോരുത്തരും സിവിൽ ഡിഫൻസ് ഫോഴ്സിന്റെ ഭാഗമാവണമെന്നും ഫയർ ഓഫീസർ അഭിപ്രായപ്പെട്ടു.

ലീഡിംഗ് ഫയർ ഓഫീസർ വി.മുഹമ്മദ് സലീം, ഫയർമാൻ എം.എച്ച്. മുഹമ്മദ് അലി എന്നിവർ ക്ലാസിന് നേതൃത്വം നൽകി. കേരളകൗമുദി പരസ്യ വിഭാഗം മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ എക്സിക്യുട്ടീവ് സുബ്രഹ്മണ്യൻ കാവന്നൂർ, ലേഖകൻ എം.എൻ. ഗിരീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്. ഷിബു നന്ദിയും പറഞ്ഞു.