മലപ്പുറം: കുട്ടികളടക്കം ഇരകളായ ലൈംഗികാതിക്രമങ്ങളുടെ പിന്നാമ്പുറങ്ങൾ തേടുമ്പോൾ പലതിലും വില്ലൻ ലഹരി മരുന്നാണെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ലഹരിക്കടിമപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ ഇരകളാവുന്നതിനുള്ള സാദ്ധ്യതകളും വർദ്ധിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജില്ലയിൽ ലഹരിക്കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചെന്ന എക്സൈസ് വകുപ്പിന്റെ കണക്ക് ഏറെ ആശങ്കപ്പെടുത്തുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ എൻ.ഡി.പി.എസ് ആക്ട്(നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റെൻസ് ) പ്രകാരം 708 കേസുകളും 779 അബ്കാരി കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈവർഷം സെപ്തംബർ വരെ 1,015 കേസുകളുണ്ടായപ്പോൾ ഇതിൽ 451 എണ്ണം എൻ.ഡി.പി.എസാണ്. പുതിയ തരത്തിലുള്ള വിവിധങ്ങളായ മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും വർദ്ധിച്ച സാഹചര്യത്തിൽ പ്രത്യേക സ്‌ക്വാഡുകളും ഷാഡോ എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻസ് വിഭാഗങ്ങളുടെ പ്രത്യേക പരിശോധനകൾ വ്യാപകമായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഇതരസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നയിടങ്ങൾ, കോളനികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്. പുതിയ തരത്തിലുള്ള മയക്കുമരുന്നുകൾ തിരിച്ചറിയാൻ പ്രാഥമിക പരിശോധനയ്ക്കായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്നും ലഭിക്കുന്ന ഡ്രഗ് ഐഡന്റിഫിക്കേഷൻ കിറ്റുകളാണ് ഉപയോഗിക്കുന്നത്. കഞ്ചാവ്, ഹാഷിഷ്, ഹെറോയിൻ, ബ്രൗൺഷുഗർ, എം.ഡി.എം.എ, ചരസ്, ഓപിയം, വേദനസംഹാരികൾ, മാനസികാരോഗ്യത്തിനുള്ള മരുന്നുകൾ എന്നിവയാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. നൈട്രോസെപാം ടാബ്‌ലറ്റുകളാണ് കൂടുതലായും പിടികൂടുന്നത്. മൂന്നുമാസത്തിനിടെ 46 കിലോ കഞ്ചാവ് പിടികൂടി. വിവിധ മയക്കുമരുന്നുകളുമായി 138 പേർ അറസ്റ്റിലായി. 20 കിലോ വരെയുള്ള എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയുടെ അറസ്റ്റ് തീയതി മുതൽ 60 ദിവസത്തിനകവും കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളിൽ 180 ദിവസത്തിനകവും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് ഇതിന് വിലങ്ങുതടിയാണ്. നാർക്കോട്ടിക് കേസുകൾ 2011 - 2015 : 672 2016- 2019 സെപ്തംബർ : 1,843 കഴിഞ്ഞ മൂന്ന് വർഷത്തെ കേസുകളുടെ എണ്ണം എറണാകുളം 2,727 തൃശൂർ -2,125 ആലപ്പുഴ - 2,071 മലപ്പുറം- 1,843