പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപത്തെ ഒറ്റമുറിപ്പീടികയിലിരുന്ന് ഇബ്രാഹീം കണ്ട പ്രളയകാല കാഴ്ച്ചകൾ പുസ്തകമായി പുറത്തിറങ്ങുന്നു. പ്രളയജലത്തിന്റെ കരകവിഞ്ഞുള്ള ഒഴുക്കിൽ വലിയ കാഴ്ച്ചകളായി കണ്ണിൽ പെടാതെ പോയ ജീവിതങ്ങളുടെ വലിയ വർത്തമാനമാണ് 'ഒരു പ്രളയകഥ' എന്ന പേരിൽ പുസ്തകമായി പുറത്തിറങ്ങുന്നത്. ചെറുജീവികൾ മുതൽ സാധാരണ മനുഷ്യരിൽ വരെ പ്രളയമുണ്ടാക്കിയ ചലനങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് പുസ്തകം. 13 അദ്ധ്യായങ്ങളിലായി കഥ പോലെയാണ് വിവരണം.
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് പൊന്നാനി എ.വി.എച്ച്.എസ്.എസിൽ നോവലിസ്റ്റ് സി. അഷറഫ് പുസ്തകം പ്രകാശനം ചെയ്യും. കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായ ഇബ്രാഹിം പൊന്നാനിയുടെ അഞ്ചാമത്തെ പുസ്തകമാണിത്.
രാത്രിനഗരം, നിലാവ്, 111 ബാല കവിതകൾ, ഞാൻ എന്നിവയാണ് മറ്റു പുസ്തകങ്ങൾ. .
പൊന്നാനി അങ്ങാടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന ഇബ്രാഹിം സാധാരണ മനുഷ്യർക്കിടയിലെ ജീവിതക്കാഴ്ച്ചകളാണ് എഴുത്തുകളായി മാറ്റിയത്.
പൊന്നാനി എം.ഐ യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ് കവിതയെഴുത്ത് ആരംഭിച്ചത്. ചെറുപ്രായത്തിലേ പൊടി അലർജി ഉണ്ടാക്കിയിരുന്നു. കുട്ടികൾ കളിക്കാനായി പുറത്തുപോകുമ്പോൾ പൊടിയുണ്ടാക്കുന്ന പ്രയാസം കാരണം ക്ലാസിനകത്ത് ചടഞ്ഞ് കൂടിയിരിക്കും. ഈ സമയത്ത് മനസിൽ തോന്നുന്നത് കടലാസിൽ കുത്തിക്കുറിക്കാൻ തുടങ്ങി. ഇങ്ങനെ കുറിച്ചിട്ടവയിലൊന്ന് കുട്ടികളുടെ പ്രസിദ്ധീകരണമായ മലർവാടിയിൽ പ്രസിദ്ധീകരിച്ചു. 1985ലായിരുന്നു അത്. 47-ാം വയസിലും എഴുത്തു തുടരുകയാണ് ഇബ്രാഹിം.