മലപ്പുറം: അറബിക്കടലിൽ ലക്ഷദ്വീപ് , മാലിദ്വീപ്, കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന തീവ്രന്യൂനമർദ്ദത്തിനെ തുടർന്ന് ശക്തമായ കാറ്റോടുകൂടിയുള്ള കനത്ത മഴയ്ക്ക് സാദ്ധ്യത. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിശക്തമായതോ 115 മില്ലീമീറ്റർ മുതൽ 204.5 മില്ലീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങൾക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും കാരണമാവാം. അതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. അപകട മേഖലയിൽ താമസിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകട മേഖലകളിലുള്ളവർ മാറി താമസിക്കണം. ജില്ലയിൽ 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടാം.