മലപ്പുറം: വിനോദ സഞ്ചാരികളെ വരവേൽക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. ആയുർവേദ ചികിത്സയ്ക്കെത്തുന്ന വിദേശ സഞ്ചാരികളെ ഒഴിച്ചുനിറുത്തിയാൽ മെഡിക്കൽ ടൂറിസത്തിലും നേട്ടം കുറവാണ്. ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. നിലമ്പൂർ, പൊന്നാനി മേഖലകൾക്ക് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്ന സ്വീകാര്യത വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ ടൂറിസം വകുപ്പിനായിട്ടില്ല.
2018ൽ മേയ് മുതൽ ഡിസംബർ വരെ ജില്ലയിൽ 8,574 വിദേശ സഞ്ചാരികളെത്തിയപ്പോൾ ഈവർഷം ജൂൺ വരെ 9,220 പേരാണ് എത്തിയത്. 7.53 ശതമാനം വളർച്ചയേ നേടാനായുള്ളൂ. കോഴിക്കോട്ട് 2018ൽ 7,626 പേർ എത്തിയപ്പോൾ 2019ലിത് 11,500 ആയി ഉയർന്നു. 50.80 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇടുക്കി, കാസർകോട്, കോട്ടയം ജില്ലകളിലാണ് യാത്രക്കാരുടെ എണ്ണം പകുതിയിൽ കൂടുതൽ വർദ്ധിച്ചത്. വയനാട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വിദേശ സഞ്ചാരികളുടെ എണ്ണം ഇടിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആകെ ഈ വർഷം 6.04 ലക്ഷം വിദേശ സഞ്ചാരികളാണെത്തിയത്. വേണം മുന്നേറ്റം ജില്ലയിൽ രണ്ടാം പ്രളയശേഷമുള്ള സഞ്ചാരികളുടെ കണക്ക് ടൂറിസം വകുപ്പ് പുറത്തുവിട്ടിട്ടില്ല. ജില്ലയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 16.60 ശതമാനം വളർച്ചയാണുണ്ടായത്. 3.15 ലക്ഷം പേർ ഈ വർഷം ജൂൺ വരെ ജില്ലയിലെത്തി. 2018 മേയ് മുതൽ ഡിസംബർ വരെ 3.75 ലക്ഷം പേരാണ് എത്തിയത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കോഴിക്കോട്ട് 24.72 ശതമാനത്തിന്റെ വളർച്ചയുണ്ട്. 2018ൽ 5.16 ലക്ഷം പേർ എത്തിയപ്പോൾ 2019ലിത് 6.44 ലക്ഷമായി ഉയർന്നു. ഇടുക്കി, ആലപ്പുഴ, വയനാട് ഒഴികെ മറ്റു ജില്ലകളിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. വിദേശ സഞ്ചാരികളുടെ എണ്ണം ജനുവരി - 1,259 ഫെബ്രുവരി - 1,188 മാർച്ച് - 1,817 ഏപ്രിൽ - 1,955 മേയ് - 1,142 ജൂൺ - 1,859 ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ജനുവരി - 50,501 ഫെബ്രുവരി - 45,537 മാർച്ച് - 49,856 ഏപ്രിൽ - 58,726 മേയ് - 58,667 ജൂൺ - 52,619