പൊന്നാനി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട 'മഹ' ചുഴലിക്കാറ്റിന്റെ തുടർച്ചയെന്നോണം പൊന്നാനി തീരദേശത്ത് രൂക്ഷമായ കടലാക്രമണം. പൊന്നാനി അഴിമുഖം മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെ തീരദേശത്ത് ആയിരത്തിൽ പരം വീടുകളിലേക്ക് വെള്ളം കയറി. കടലിനോട് ചേർന്ന് താമസിക്കുന്ന തീരദേശത്തെ മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊന്നാനി അഴീക്കൽ മുതൽ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാലി, അലിയാർ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീർ നഗർ എന്നിവിടങ്ങളിൽ കടൽ ആഞ്ഞടിക്കുകയാണ്.
അതിശക്തമായ തിരമാലകളിൽ കടൽവെള്ളം നിരവധി വീടുകളിലേക്ക് കയറി. മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. കടൽവെള്ളം തീരത്ത് കെട്ടി നിൽക്കുകയാണ്. കടൽഭിത്തി ഭേദിച്ചെത്തുന്ന തിരമാലകൾ തീരത്ത് വെള്ളക്കെട്ട് തീർത്തു. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനുള സാദ്ധ്യത കണക്കിലെടുത്ത് തീരത്തുള്ളവരോട് വീടൊഴിയാൻ നഗരസഭ, റവന്യൂ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. പൊന്നാനി എം ഐ ബോയ്സ് എച്ച്.എസ്.എസ്, വെളിയങ്കോട് ജി.എഫ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുന്നത്.
വേലിയേറ്റ സമയമായ ഉച്ചമുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലാണ് കടൽ തിരമാലകൾ ആഞ്ഞടിച്ചെത്തിയത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകൾ ഏത് നിമിഷവും നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. കടൽഭിത്തികൾ പൂർണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്കെത്തുന്ന സ്ഥിതിയുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ചാക്കുകളിൽ മണൽ നിറച്ച് വീടിന് മുന്നിൽ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയിൽ ഇവയും കടലെടുക്കുകയാണ്. തീരത്ത് മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നവംബർ മൂന്നുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.