താനൂർ: അഞ്ചുടിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാഖിനെ( റഫീഖ് -35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. അഞ്ചുടി സ്വദേശികളായ ചേമ്പാളിന്റെ പുരക്കൽ ഷഹദാദ്, ഏനീന്റെപുരക്കൽ മുഹമ്മദ്സഫീർ, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈൽ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.
24ന് രാത്രിയിൽ അഞ്ചുടി പള്ളിക്കടുത്തു വച്ച് ഇസ്ഹാഖിനെവെട്ടിക്കൊന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ. ഇവരിൽ നിന്ന് ബാക്കിയുള്ള പ്രതികളെ സംബന്ധിച്ച് വ്യക്തമായ ചിത്രം കിട്ടിയിട്ടുണ്ട്. നേരത്തെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം കർണ്ണാടക,ഗോവ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പൊലീസ് അന്വേഷണം അങ്ങോട്ട് നീങ്ങുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ അടുത്ത ഒളിത്താവളത്തിലേക്കു നീങ്ങുന്നതിനായി പണം സംഘടിപ്പിക്കാൻ ഒരു സുഹൃത്തിനെ ബന്ധപ്പെടുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ച് തിരൂർ ഡിവൈ.എസ്.പി കെ.എ സുരേഷ്ബാബുവിന്റെയും താനൂർ സി.ഐ. ജസ്റ്റിൻ ജോണിന്റേയും നേതൃത്വത്തിൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികൾ പിടിയിലാകുന്നത്.