മലപ്പുറം: താനൂർ അഞ്ചുടിയിലെ കുപ്പന്റെപുരയ്ക്കൽ ഇസ്ഹാഖിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന് മലപ്പുറത്ത് ചേർന്ന മുസ്ലിംലീഗ് ജില്ലാ പ്രവർത്തകസമിതിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇരുപാർട്ടികളിലെയും നേതാക്കൾ മുൻകൈയെടുത്താണ് തീരദേശത്തെ സംഘർഷങ്ങൾ അവസാനിപ്പിച്ചത്. സമാധാന വ്യവസ്ഥകൾ ലംഘിച്ചാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. ഏതാനും ദിവസം മുമ്പ് താനൂരിലെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനുമായി കേസിൽ അറസ്റ്റിലായ പ്രതികൾ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പങ്കാളിയായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയന്റെ വീടിനടുത്തുനിന്നാണ് നിന്നാണ് ഇസ്ഹാഖിനെ വെട്ടാനുപയോഗിച്ച ആയുധം കണ്ടെത്തിയത്. ഈ വിഷയം കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ചർച്ചകൾക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് , അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, അഷ്റഫ് കോക്കൂർ, എം.എ. ഖാദർ, എം. അബ്ദുള്ളക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഇസ്മയിൽ പി മൂത്തേടം, കെ.എം. അബ്ദുൾഗഫൂർ, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. എൻ. സൂപ്പി, എം.പി.എം. ഇസ്ഹാഖ് കുരിക്കൾ, അരിമ്പ്ര മുഹമ്മദ് , കുറുക്കോളി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.