അലനല്ലൂർ: നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടും നടപടിയെടുക്കാതെ അധികൃതർ. മാലിന്യ നിക്ഷേപത്തിനും സംസ്‌കരണത്തിനും പഞ്ചായത്തിന് പ്രത്യേക പദ്ധതികളൊന്നും ഇല്ലാത്തതിനാൽ വ്യാപാരികളുൾ ഉൾപ്പടെയുള്ളവർ പാതയോരത്താണ് മാലിന്യം തള്ളുന്നത്.
നഗരത്തിലെ ചന്തപ്പടിക്കും പഞ്ചായത്ത് ജംഗ്ഷനും ഇടയിൽ വെട്ടത്തൂർ റോഡിന്റെ സമീപത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. സമീപത്തുതന്നെ പൊതുകുളവും സ്ഥിതിചെയ്യുന്നുണ്ട്. നിരവധി വീടുകളുമുണ്ട്. മാലിന്യനിക്ഷേപം മാറാവ്യാധികൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ബന്ധപ്പെട്ട അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് ഓഫീസ്, ആശുപത്രികൾ എന്നിവയെല്ലാം ഇതിന്റെ സമീപത്ത് പ്രവർത്തിക്കുമ്പോഴും അനക്കാപ്പാറ നയമാണ് അധികൃതർ സ്വീകരിക്കുന്നത്. ടൗണിലെ ചന്തപ്പടി, ആശുപത്രിപ്പടി, കിഴക്കേതല, പഴയറോഡ് ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാറുമുണ്ട്. മഴയത്ത് ചീഞ്ഞളിഞ്ഞ മാലിന്യം കാൽനട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് സാധനങ്ങൾ വെയിസ്റ്റ് കവറുകൾ ചെരുപ്പുകൾ തുടങ്ങി ജൈവ - അജൈവ അവശിഷ്ടങ്ങളുൾപ്പടെ തള്ളാറുണ്ട്. മാലിന്യം തട്ടുന്ന ഈ ഭാഗത്തിന്റെ രണ്ട് ദിക്കിലും റോഡ് കയറ്റമാണ്. മഴ ചെറുതായി പെയ്താൽ പോലും ടൗണിലെ അഴുക്കുവെള്ളവും മറ്റു മാലിന്യങ്ങളും കുത്തിയൊലിച്ചെത്തും. ഇത് റോഡും പരിസരവുമാകെ മാലിന്യം തളം കെട്ടിനിൽക്കാനുമിടയാക്കാറുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രംഅലനല്ലൂർ ടൗണിലെ ചന്തപ്പടി വെട്ടത്തൂർ റോഡരികിൽ മാലിന്യം തള്ളിയ നിലയി