ചെർപ്പുളശ്ശേരി: ദമ്പതികളെന്ന വ്യാജേന അടുപ്പംസ്ഥാപിച്ച് നെല്ലായയിൽ വീട്ടിൽ നിന്നും പതിനഞ്ച് പവനോളം ആഭരണങ്ങൾ കവർന്ന പ്രതികൾ ചെർപ്പുളശ്ശേരി പൊലീസിന്റെ പിടിയിൽ. ആലത്തൂർ ചല്ലിത്തറ വീട്ടിൽ ദേവദാസും
(47), കണ്ണമ്പ്ര ഭഗവതി പറമ്പിൽ വീട്ടിൽ ഷീല (39)മാണ് പിടിയിലായത്.
നെല്ലായ പുലാക്കാട് അയിനിക്കത്തൊടി അബൂബക്കറിന്റെ വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കഴിഞ്ഞ ഞായറാഴ്ച മോഷണം പോയത്. അബൂബക്കറിന്റെ മകൻ അബ്ദുൾ ഖാദറിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് ഇവർ മോഷ്ടിച്ചത്. അബൂബക്കറിന്റെ വീടിനു സമീപത്തെ കോർട്ടേഴ്‌സിൽ
ഒരു വർഷത്തോളമായി വാടകയ്ക്കു താമസിച്ചു വരികയായിരുന്നു പ്രതികൾ. ഈ ബന്ധം മുതലെടുത്താണ് അബ്ദുൾ ഖാദറും ഭാര്യയും ബന്ധുവീട്ടിൽ പോയ തക്കം നോക്കി അബൂബക്കറിനെ കബളിപ്പിച്ച് ഇവർ സ്വർണാഭരണങ്ങൾ കവർന്നത്.
തങ്ങളുടെ ചില സാധനങ്ങൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അബൂബക്കറിനെ തെറ്റുദ്ധരിപ്പിച്ച് താക്കോൽ വാങ്ങി അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് അബ്ദുൾ ഖാദറും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
അപ്പോഴേക്കും പ്രതികൾ മുങ്ങിയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ചൊവ്വാഴ്ച മോഷ്ടിച്ച ആഭരണങ്ങൾ വടക്കഞ്ചേരിയിലെ ഒരു ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവർ ദമ്പതികളല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവും ഇവരിൽ നിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
പ്രതികളെ ഇന്ന് സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. ചെർപ്പുളശ്ശേരി സി.ഐ പ്രമാദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ: പിടിയിലായ ,ദേവ ദാസും, ഷീലയും