പാലക്കാട്: ആറു ലക്ഷത്തി അറുപതിനായിരം രൂപയുടെ ശുചീകരണ പ്രവർത്തി ഉടനെ ചെയ്യാൻ നഗരസഭകൗൺസിലിന്റെ അടിയന്തര യോഗം തീരുമാനിച്ചു. എല്ലാവിധ കായിക പരിശീലനവും ക്രിക്കറ്റ് ഗ്രൗണ്ടിൽ അനുവദിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.
പാറക്കളം ഭൂമി അഴിമതി കേസിലെ ഫയൽ അന്വഷണ ഉദ്യാഗസ്ഥന് നൽകാൻ വൈകിയ സംഭവവും കൗൺസിലിൽ ചർച്ചയായി. ഒരോ ഡിവിഷനിലും ഒരു ലക്ഷത്തി പതിനായിരം രൂപ വീതമാണ് ശുചീകരണത്തിനായി ചെലവാക്കുക. ഓവുചാലുകൾ വൃത്തിയാക്കുക, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യുക, കാടുകൾ വെട്ടി മാറ്റുക തുടങ്ങിയ പ്രവൃത്തികളെല്ലാം ഇതിന്റെഭാഗമായി നടക്കും. ക്രിക്കറ്റ് ഗ്രൗണ്ടിൽ കായിക പരിശീലനം അനുവദിക്കുന്നില്ലെന്ന ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണവും ചർച്ചചെയ്തു. ഇത് സംബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളെ വിളിച്ചു വരുത്തി താക്കീതു ചെയ്യാമെന്നും കായിക പ്രേമികൾക്ക് എല്ലാവിധ പരിശീലനത്തിന് അവസരം സൃഷ്ടിക്കുമെന്നും ചെയർ പേഴ്‌സൺ അറിയിച്ചു. ഇൻഡോർ സ്റ്റേഡിയം പ്രവർത്തനത്തിൽ നഗരസഭയുടെ പങ്കാളിത്തവും ഉറപ്പു വരുത്തണമെന്ന് ബി.ജെ.പി കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇൻഡോർ സ്റ്റേഡിയം വിഷയം കളക്ടറുമായി സംസാരിക്കാമെന്നും ചെയർപേഴ്‌സൺ യോഗത്തെ അറിയിച്ചു.
മാട്ടുമന്ത ശ്മശാനത്തിൽ വാട്ടർ അതോറിട്ടി പ്രവർത്തികൾക്കായി വ്യാപകമായി മരം മുറിച്ചെന്ന് കോൺഗ്രസിലെ കെ.ഭവദാസ് ഉന്നയിച്ചു.മഇതു സംബന്ധിച്ചും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ സഭയെ അറിയിച്ചു. ഈ മാസം 15 വരെ നഗരത്തിലെ ഓട്ടോകൾക്ക് പെർമിറ്റുകൾ നൽകാമെന്നു താൽക്കാലികമായി തീരുമാനമെടുത്തതായും ചെയർ പേഴ്‌സൺ യോഗത്തെ അറിയിച്ചു.