മണ്ണാർക്കാട്: ദേശീയപാത നവീകരണം അവസാന ഘട്ടത്തിലെത്തിയിട്ടും കോടതിപ്പടിയിലെ തർക്കം പരിഹരിക്കാനാവാതെ നട്ടംതിരിയുകയാണ് അധികൃതർ. കുന്തിപ്പുഴയ്ക്കും നെല്ലിപ്പുഴയ്ക്കുമിടയിലെ 90 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കി ടാറിംഗ് വർക്ക് നടക്കാനിരിക്കെയാണ് കോടതിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നിലെ തർക്കം തുടരുന്നത്. ഇതോടെ ഇവിടെത്തെ അഴുക്കുചാൽ നിർമ്മാണവും നടന്നിട്ടില്ല.
ഓപ്പറേഷൻ അനന്തയുടെ സമയത്ത് അളവെടുപ്പ് നടന്നപ്പോൾ പുറമ്പോക്ക് സ്ഥലം എന്ന രീതിയിൽ ഈ കെട്ടിടത്തിന്റെ ചുമരിൽ മാർക്ക് ചെയ്തിരുന്നു. എന്നാൽ, ഈ അളവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥർക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും മാർക്ക് ചെയ്തത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സ്ഥാപന ഉടമ ഹൈക്കോടതിയിൽ പരാതി നൽകി. ഇത് പരിഗണിച്ച കോടതി കൃത്യമായി അളന്ന് ഹർജിക്കാരന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് റവന്യു വകുപ്പിനോട് ഉത്തരവിട്ടു. ജില്ലാ കളക്ടർക്ക് ഇതിന്റെ ചുമതലയും നൽകി. ഇത് പ്രകാരം ജില്ലാ കളക്ടർ ഇതിനായി തഹസിൽദാരെ ചുമതലപ്പെടുത്തി. തുടർന്ന് വീണ്ടും അളവെടുപ്പുകൾ നടന്നെങ്കിലും ഓരോ തവണയും വ്യത്യസ്ത അളവുകളാണ് ലഭിച്ചത്. ഏറ്റവും ഒടുവിൽ ഒരു മാസം മുമ്പ് നടന്ന അളവെടുപ്പ് അന്തിമമാണെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും നാളിതുവരെ ഇത് സംബന്ധിച്ച് ഒരു നോട്ടീസും സ്ഥാപന ഉടമയ്ക്ക് നൽകിയിട്ടില്ല.
മറ്റിടങ്ങളിലെന്നപോലെ സമവായം കോടതിപ്പടിയിൽ നടപ്പാകുന്നില്ല. തന്റെ ഭാഗത്താണ് ന്യായം, കോടതിവിധിക്കനുസരിച്ച് മാത്രമേ മുന്നോട്ട് പോകു എന്നാണ് സ്ഥാപന ഉടമയുടെ നിലപാട്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയായ സ്ഥാപന ഉടമയുമായി സംസാരിക്കാൻ സംഘടനാ നേതാക്കൾ തയ്യാറാകണമെന്ന് ഒരുവിഭാഗം വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്. വ്യക്തി വൈരാഗ്യം തീർക്കാൻ ഈ വിഷയം ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മറുവിഭാഗം പറയുന്നത്.
റവന്യു വകുപ്പ് പ്രതിക്കൂട്ടിൽ
ദേശീയപാത നവീകരണത്തിൽ ആദ്യഘട്ടം മുതൽ പഴികേട്ട റവന്യു വകുപ്പ് തന്നെയാണ് കോടതിപ്പടിയിലെ വിഷയത്തിലും പ്രതിക്കൂട്ടിൽ. അളവെടുപ്പ് തെറ്റാണെന്ന് സ്ഥാപന ഉടമ വാദിക്കുമ്പോൾ അത് മറികടക്കാൻ റവന്യു വകുപ്പിനാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മൂന്നോ നാലോ തവണ അളവെടുപ്പ് നടത്തിയെങ്കിലും ഓരോ തവണയും വ്യത്യസ്തമായാണ് മാർക്കിംഗ് വരുന്നത്. നിലവിൽ സ്ഥാപന ഉടമയുടെ വാദം അംഗീകരിക്കപ്പെട്ടാൽ നഗരത്തിലെ മറ്റു പല ഭാഗങ്ങളിലെയും അളവുകൾ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. കോടതി ഇടപ്പെട്ട ഈ വിഷയത്തിൽ എങ്ങനെ പരിഹാരം കാണുമെന്ന് തലപുകയ്ക്കുകയാണ് റവന്യു വകുപ്പ്.