അഗളി: മണ്ണാർക്കാട്, ചിന്നതടാകം അന്തർ സംസ്ഥാന പാതയിലെ ആനമൂളി മുതൽ മന്തംപ്പൊട്ടി വരെയുള്ള എട്ടുകിലോമീറ്റർ ചുരം റോഡിൽ പലഭാഗങ്ങളിലായി കോഴി വേസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് വ്യാപകം. ഇതോടെ ചുരത്തിലൂടെയുള്ള യാത്ര ദുരിതമായിരിക്കുകയാണ്.

രാത്രികാലങ്ങളിലാണ് മാലിന്യങ്ങൾ ചാക്കിൽകെട്ടി പ്രദേശത്ത് നിക്ഷേപിക്കുന്നത്. ആനമൂളി ചുരത്തിന്റെ ആരംഭത്തിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റും മുക്കാലിക്ക് സമീപത്ത് പൊലീസ് ഔട്ട് പോസ്റ്റും പ്രവർത്തിക്കുന്നുണ്ടെങ്കിലും ജൈവ - അജൈവ മാലിന്യം കൊണ്ടുവരുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകനായ രാധാകൃഷ്ണകുറുപ്പ് പറഞ്ഞു.

അതീവ പരിസ്ഥിതി ലോല പ്രദേശം കൂടിയായ ഈ മേഖലയിലെ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഇത് പ്രശ്‌നങ്ങളുണ്ടാക്കും. സൈലന്റ് വാലി ബഫർ ഏരിയയിൽ നിന്ന് വരുന്ന മന്തംപ്പൊട്ടി തോട്ടിലേക്കാണ് മാലിന്യ അവശിഷ്ടങ്ങൾ എത്തിച്ചേരുന്നത്. ഇത് കുന്തിപ്പുഴയുടെ പോഷക നീർച്ചാൽ കൂടിയാണ്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും യാത്രക്കാരുടെയും ആവശ്യം.


 പരാതി നൽകിയിട്ടും നടപടിയില്ല
അഗളി പഞ്ചായത്തിന്റെ പരിധിയിലേക്ക് കോഴിമാലിന്യം ഉൾപ്പെടെയുള്ളവ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് തുടർന്ന് വനംവകുപ്പ് അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

മുഹമ്മദ് ജാക്കർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ