 കെ.എസ്.ആർ.ടി.സി പല സ്റ്റേപ്പുകളിലും യാത്രക്കാരെ കയറ്റുന്നില്ലെന്ന് പരാതി

വടക്കഞ്ചേരി: തൃശൂർ - ഗോവിന്ദാപുരം റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകൾ വഴിയിലെ യാത്രക്കാരെ കയറ്റാതെ സ്വകാര്യ ബസുകൾക്ക് കളക്ഷനുണ്ടാക്കിക്കൊടുക്കുന്നു. ഈ റൂട്ടിൽ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ഒന്ന് പച്ചതൊടുമ്പോഴായിരുന്നു സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. ഇതോടെ കാര്യങ്ങൾ വീണ്ടും പഴയപടിയായിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.

പ്രതിദിനം 22 ബസുകളാണ് തൃശൂർ - ഗോവിന്ദാപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. രാവിലെയും വൈകീട്ടും നല്ല തിരക്കുള്ള റൂട്ടായിട്ടുപോലും മിക്ക സ്‌റ്റോപ്പുകളിലും ആളെ കയറ്റാതെയാണ് നിലവിൽ കെ.എസ്.ആർ.ടി.സി ചീറിപ്പായുന്നത്.
ഈ പാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങിയതോടെ യാത്രദുരിതത്തിന് ഒരു പരിധിവരെ ആശ്വാസമായിരുന്നു. ഓരോ 20 മിനിട്ട് പിന്നിടുമ്പോഴും തൃശൂരിലേക്കും, ഗോവിന്ദാപുരത്തേക്കും കെ.എസ്.ആർ.ടി.സി. ബസുകളുണ്ട്. കെ.എസ്.ആർ.ടി.സി ചെയിൻ സടവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ കളക്ഷനെ അത് ബാധിച്ചിരുന്നു. ഇതോടെ വലിയ സമ്മർദ്ദത്തിലായ ബസുടമകൾ കെ.എസ്.ആർ.ടി.സി സമയക്രമം പാലിക്കാതെ ഓടുന്നുവെന്നാരോപിച്ച് ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സിയുടെ ഒരു ബസിൽ നിന്നുള്ള പ്രതിദിന വരുമാനം 8000 രൂപയായിരുന്നു. ഇപ്പോഴത് നേർ പകുതിയായിട്ടുണ്ട്.

ചെറിയ സ്റ്റോപ്പുകളിൽ നിരവധി ആളുകൾ കയറാനുണ്ടെങ്കിലും നിറുത്താതെ പറത്തിവിടുകയാണ് ഇപ്പോഴത്തെ രീതി. കൂടാതെ രണ്ടു കെ.എസ്.ആർ.ടി.സികൾ ഒന്നിനു പുറകെ ഒന്നായി ഓടിയും കോർപ്പറേഷന് നഷ്ടമുണ്ടാക്കുന്നതായും യാത്രക്കാർ പറയുന്നു. സ്‌റ്റേജ് അല്ലാത്ത ചെറു സ്‌റ്റോപ്പുകളിൽ നിന്നുപോലും കെ.എസ്.ആർ.ടി.സി ആളെ കയറ്റിയിരുന്നതാണ്. അപ്പോൾ ആളുകളെ കയറ്റാത്തതുമൂലം യാത്രക്കാടർ വീണ്ടും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.