പാലക്കാട്: മഴ കുറഞ്ഞിട്ടും മലമ്പുഴ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുന്നതിൽ കർഷകർക്ക് ആശങ്ക. കഴിഞ്ഞമാസം നാലിനാണ് ജലനിരപ്പ് പരമാവധിസംഭരണശേഷിയിലേക്ക് അടുത്തതിനെ തുടർന്ന് അണക്കെട്ടിന്റെ നാലുഷട്ടറുകൾ തുറന്നത്. മഴകുറഞ്ഞതോടെ ഷട്ടറുകൾ തുറന്നതിന്റെ അളവ് കുറച്ചെങ്കിലും പൂർണമായി അടച്ചിട്ടില്ല. മഴ കുറഞ്ഞ സഹാചര്യത്തിൽ അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നത് നിർത്തണമെന്നാണ് കർഷകരുടെ ആവശ്യം.
കൃഷിക്കും കുടിവെള്ളത്തിനുമുള്ള വെള്ളം ദീർഘവീക്ഷണമില്ലാതെ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ല. അതുകൊണ്ട് ഷട്ടറുകൾ അടിയന്തരമായി താഴ്ത്തണം. 115.06 മീറ്റർ പരമാവധി ജലനിരപ്പുള്ള മലമ്പുഴയിൽ 114.12 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അടിയന്തരസാഹചര്യത്തിൽ തുറക്കുന്നത് ഒഴിവാക്കാൻ ജലം ക്രമീകരിക്കാനാണ് ഷട്ടർ ഉയർത്തിയത്. ജലനിരപ്പ് 113 മീറ്ററിൽ നിർത്തിയാണ് വെള്ളം തുറന്ന് വിടുന്നതെന്നാണ് മലമ്പുഴ ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്.
ഇതുമൂലം മലമ്പുഴ അണക്കെട്ടിൽ ജലവിതാനം കുറയുന്ന സാഹചര്യമില്ലെന്നും കുടിവെള്ളത്തിനും കൃഷിയ്ക്കും വെള്ളം ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി. തുലാവർഷം കൂടി വരാനിരിക്കെ അണക്കെട്ടിൽ അപ്രതീക്ഷീതമായി വരുന്ന ജലം പ്രളയത്തിന് സമാനമാവുന്ന സാഹചര്യം ഒരുക്കുമെന്നും അതിനാലാണ് ഷട്ടറുകൾ രണ്ട് സെ.മീറ്റർ വീതം തുറന്ന് വിടുന്നതെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, ഒഴുക്കിക്കളയുന്ന ഒരുമീറ്റർ വെള്ളം 15 ദിവസം കൃഷിക്ക് ഉപയോഗിക്കാൻ കഴിയും. അത്യുത്പാദന ശേഷിയുള്ള 'ഉമ'വിത്താണ് രണ്ടാംവിളയ്ക്ക് ജില്ലയിൽ വ്യാപകമായി ഉപയോഗിക്കുന്നത്. 135 ദിവസത്തെ മൂപ്പുള്ള വിത്തിന് ഏകദേശം 90 ദിവസത്തെ ജലസേചനം വേണം. നിലവിലെ അവസ്ഥയിൽ 75 ദിവസത്തേക്കു മാത്രമേ വെള്ളം നൽകാനാവൂ എന്ന് ജലസേചന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. പത്തുദിവസത്തെ ഇടവേള നൽകിയാൽ 85 ദിവസം വെള്ളം നൽകാനാകും.
കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് മലമ്പുഴ അണക്കെട്ടിൽ വൻതോതിൽ മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. ഇത് സംഭരശേഷിയെ ബാധിച്ചു. അതുകൊണ്ടുതന്നെ കൂടുതൽ വെള്ളം ഒഴുക്കിക്കളഞ്ഞാൽ കൃഷിക്ക് വെള്ളം കുറയും. നവംബർ ഒന്നുമുതൽ രണ്ടാംവിളയ്ക്ക് വെള്ളം വേണം. ഇത്തരമൊരു സാഹചര്യത്തിലാണ് ജില്ലാ വികസനസമിതിയോഗത്തിൽ ജനപ്രതിനിധികൾ മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകൾ അടക്കണമെന്നാവശ്യം ഉന്നയിച്ചത്. എന്നാൽ, അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും കർഷകർ ആക്ഷേപിക്കുന്നു.
ജില്ലയിൽ ഭൂരിഭാഗം കൃഷിയും മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ചാണ് നടത്തുന്നത്. ഇതിന് പുറമെ പാലക്കാട് നഗരസഭാ പരിധിയിലും സമീപത്തെ അഞ്ചുപഞ്ചായത്തിലും കുടിവെള്ളത്തിന് ആശ്രയം മലമ്പുഴയാണ്.