 ഷൊർണൂരിലെ ആദ്യകാല തിയ്യറ്റർ ' മേളം 'അടച്ചുപൂട്ടുന്നു, ജീവനക്കാർക്ക് നോട്ടീസ് നൽകി

ഒറ്റപ്പാലം: സിനിമ തിയ്യറ്റർ രംഗത്ത് ഷൊർണൂരിന് പ്രശസ്തി നൽകിയ മേളം തിയ്യറ്റർ പ്രവർത്തനം അവസാനിപ്പിക്കുന്നു. 1982ൽ ആരംഭിച്ച തിയ്യറ്റർ സാമ്പത്തിക പ്രതിസന്ധി മൂലമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് മാനേജ്‌മെന്റ് ജീവനക്കാർക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ഈ മാസം ഒന്നിന് നൽകിയ നോട്ടീസ് പ്രകാരം ആനുകൂല്യങ്ങൾ കൈപറ്റി ജോലിയിൽ നിന്ന് പിരിഞ്ഞു പോകണമെന്നും, 30 ദിവസത്തിനകം തിയറ്റർ സ്ഥിരമായി അടച്ചു പൂട്ടുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.


നോട്ടീസ് കൈപറ്റിയെങ്കിലും ആനുകൂല്യം സംബന്ധിച്ച് യാതൊരു ചർച്ചയും ഉടമയുമായി ഇതുവരെ നടത്തിയിട്ടില്ലെന്നും പ്രശ്‌നത്തിൽ തൊഴിലാളി യൂണിയൻ ഇടപെട്ടിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു. 10 മുതൽ 35 വർഷംവരെ ജോലി ചെയ്ത ജീവനക്കാരുണ്ടിവിടെ. ജോലി നഷ്ടമാവുന്ന ജീവനക്കാരോട് പുലർത്തേണ്ട അനുഭാവപൂർണമായ നടപടി തിയ്യറ്റർ ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. എട്ടോളം ജീവനക്കാരുണ്ടിവിടെ.
900 സീറ്റുകളോട് കൂടിയ സംസ്ഥാനത്തെ എ ക്ലാസ് തിയ്യറ്ററുകളിലൊന്നാണ് മേളം തിയ്യറ്റർ. 80കളുടെ കാലത്ത് ആധുനിക മുഖത്തോടെ ആരംഭിച്ച മേളം തിയ്യറ്ററിൽ മധു നായകനായ 'ആരംഭം' എന്ന സിനിമയോടെയാണ് പ്രദർശനം ആരംഭിച്ചത്.
തിയറ്ററിന്റെ മുൻ ഭാഗത്ത് 'വേടനും വേടത്തിയും 'തമ്മിലുള്ള പ്രണയഭാവം തുടിക്കുന്ന ചുമർശില്പം മേളത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.
എയർ കണ്ടീഷൻ ചെയ്ത് പ്രേക്ഷകരെ ആകർഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, മൾട്ടിപ്ലക്‌സ് തരംഗത്തിനൊത്ത് തിയ്യറ്റർ മുഖം മാറ്റാൻ ശ്രമിക്കാതിരുന്നത് തിരിച്ചടിയായി. തൊട്ടടുത്ത് പട്ടാമ്പിയിൽ അര ഡസൻ മൾട്ടിപ്ലക്‌സ് തിയ്യറ്ററുകൾ വതോടെ ഷൊർണൂരിലെ മേളമടക്കം പഴയ കാല തിയ്യറ്ററുകൾ പ്രതിസന്ധിയിലായി.
ഷൊർണൂരിലെ പഴയകാല അനുരാഗ് തിയ്യറ്റർ മൾട്ടിപ്ലക്‌സ് ആക്കിയാണ് അതിജീവനം സാധ്യമാക്കിയത്. ഏറ്റവും മികച്ച ശബ്ദസംവിധാനമാണ് മേളം തിയ്യറ്ററിലേത്. പഴശ്ശിരാജ സിനിമ കാണാൻ മമ്മൂട്ടിയും' റസൂൽ പൂക്കുട്ടിയും തിരഞ്ഞെടുത്തത് മേളമായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കീഴിൽ മേളം തിയ്യറ്റർ നിലനിർത്താനുള്ള ചർച്ചകൾ നടന്നു വരുന്നതായും സൂചനയുണ്ട്.