പാലക്കാട്: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനാൽ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇന്നലെ ജില്ലയിൽ നാൽപ്പത്തിയഞ്ചോളം സർവീസുകൾ റദ്ദാക്കി.

പാലക്കാട് ഡിപ്പോയിൽ 23, വടഞ്ചേരി, മണ്ണാർക്കാട് ഏഴ് സർവീസ് വീതവും ചിറ്റൂരിൽ എട്ടുസർവീസുകളുമാണ് ഡ്രൈവർമാരില്ലാത്തതിനാൽ റദ്ദാക്കിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും കോയമ്പത്തൂർ, തൃശൂർ, കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തുന്നവയാണ്. ഇതുമൂലം ഈ റൂട്ടുകളിൽ യാത്രക്ലേശവും രൂക്ഷമായിരിക്കുകയാണ്. ജില്ലയിലെ നാല് ഡിപ്പോകളിൽ നിന്നായി 126 താത്കാലിക ഡൈവർമാരെയാണ് പിരിച്ചുവിട്ടത്. സർവീസ് വെട്ടിക്കുറക്കുന്നത് മൂലം പ്രതിദിനം പാലക്കാട് ഡിപ്പോയുടെ വരുമാനത്തിൽ രണ്ട് ലക്ഷത്തിലേറെ നഷ്ടവും സംഭവിക്കുന്നുണ്ട്. നിലവിലുള്ള ഡൈവർമാർക്ക് ഓവർ ടൈം നൽകിയാണ് കെ.എസ്.ആർ.ടി.സി പ്രശ്‌നം മറികടക്കുന്നത്. ഇത് അധികകാലം തുടർന്നാൽ ജീവനക്കാർക്ക് മാനസിക, ശാരീരിക പ്രശ്‌നങ്ങൾക്ക് ഇടയാക്കും.