ആലത്തൂർ: എരിമയൂർ പാടത്ത് കിണറിനു സമീപം ഒഴിഞ്ഞ പറമ്പിൽ സ്ത്രീയുടെയും പുരുഷന്റെയും തൂങ്ങിമരിച്ച നിലയിലുള്ള അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെ സ്ഥലം ഉടമ എരിമയൂർ വടക്കുംപുറം വീട്ടിൽ സ്വാമിമലയുടെ ഭാര്യ ലീലയാണ് മൃതദേഹങ്ങൾ കണ്ടത്.

പറമ്പിലെ തേക്ക് മരത്തിൽ ഒറ്റസാരിയിൽ ഇരു ഭാഗത്തും തൂങ്ങിമരിച്ച നിലയിലുള്ള അഴുകിയ മൃതദേഹങ്ങൾക്ക് മൂന്നാഴ്ചയോളം പഴക്കമുണ്ട്. 50 - 55നും മധ്യേ പ്രായമുള്ള പുരുഷന്റേതും 40 -45നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെയുമാണ് മൃതദേഹങ്ങളെന്ന് അധികൃതർ പറഞ്ഞു. പുരുഷൻ മുണ്ടും ഷർട്ടും സ്ത്രീ സാരിയുമാണ് ധരിച്ചിരുന്നത്. സ്ത്രീയുടെ ശരീരത്തിൽ നിന്നും വള, മാല എന്നിവ ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ആലത്തൂർ ഡിവൈ.എസ്.പി ബി.ഡി.ദേവസ്യ, സി.ഐ ബോബിൻ മാത്യു, എസ്.ഐ എം.ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടപടി സ്വീകരിച്ചു. പാലക്കാട് സയന്റിഫിക് ഓഫീസർ രമ്യ ചന്ദ്രൻ , വിരലടയാള വിദഗ്ധരായ കെ.വി അജേഷ്, ആർ.രാജേഷ് കുമാർ എന്നിവരുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുരുഷന്റെ മൃതദേഹം പൊലീസ് സർജൻ ഗുജ്രാലിന്റെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം ചെയ്തു. സ്ത്രീയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടം ചെയ്യും.

ഫോട്ടോ ക്യാപ്ഷൻ: മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് സയന്റിഫിക് ഓഫീസർ രമ്യ ചന്ദ്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.