മണ്ണാർക്കാട്: പയ്യനെടം റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെ ആശങ്കകളകറ്റി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കമരംപുത്തൂർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി.
നിലവിൽ നടത്തിയ പ്രവർത്തികളിൽ വ്യാപകക്രമക്കേടുണ്ടായിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വകുപ്പിന്റെ അനാസ്ഥയുമാണ് അഴിമതിക്ക് കാരണം.
മണ്ഡലത്തിലേക്കുള്ള വികസന പ്രവർത്തികളുടെ പ്രൊപ്പോസൽ നൽകി ഈ റോഡ് ആധുനിക രീതിയിൽ മെച്ചപ്പെടുന്നതിന് സർക്കാറിൽ നിന്ന് ഫണ്ട് അനുവദിപ്പിക്കുക എന്നതാണ് സ്ഥലം എം.എൽ.എ അഡ്വ.എൻ ഷംസുദ്ദീൻ ചെയ്തത്. പ്രവർത്തിയുടെ കരാർ നൽകുന്നതിലും മറ്റും എം.എൽ.എക്ക് യാതൊരു പങ്കുമില്ല. തുടർ പ്രവർത്തികൾ നടത്തുമ്പോൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാവണം. അശാസ്ത്രീയമായ പ്രവർത്തി തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ചർച്ചയെ തുടർന്ന് ഈ മാസം ഏഴിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനും, പ്രവർത്തികൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്നും ഭാരവാഹികൾക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അനീഷ് ഉറപ്പുനൽകി.
പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി അസീസ് പച്ചീരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി, ഭാരവാഹികളായ അർസൽ എരേരത്ത്, കെ.കെ ബഷീർ, ഹമീദ് പി.കെ, റഷീദ് തോട്ടാശ്ശേരി, നൗഷാദ് വെള്ളപ്പാടം, കെ. പി മൊയ്തുപ്പ, എം.മുഹമ്മദലി, അസൈനാർ പുല്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.