പാലക്കാട്: പട്ടാമ്പി - പുലാമന്തോൾ പാതയുടെ നവീകരണത്തിലെ അപകാതയിൽ അസിസന്റ് എൻജിനീയർക്കും ഓവർസിയറർക്കും സസ്പെൻഷൻ. ഒന്നാംഘട്ട പ്രവർത്തികളിലെ ഗുണനിലവാരമില്ലായ്മയെ തുടർന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനൊടുവിൽ നടപടി സ്വീകരിച്ചത്.

മേലെ പട്ടാമ്പി മുതൽ മാർക്കറ്റ് വരെയുള്ള ഭാഗത്തും ആമയൂർ മുതൽ കൊപ്പം വരെയുള്ള ഭാഗത്തെ പ്രവർത്തികളിലുമാണ് വ്യാപകമായ പരാതി ഉയർന്നിരുന്നത്. ആമയൂരിൽ നാട്ടുകാർ റോഡ് നിർമ്മാണം തടയുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് നിർമ്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ രംഗത്തിറങ്ങിയത്. ഒന്നാംഘട്ട റബ്ബറൈസിംഗിൽ പ്രവർത്തകളിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. പ്രവർത്തികളിലെ ഗുണനിലാവരത്തെക്കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മുഹസിൻ എം.എൽ.എ.വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുൻപ് പൊതുമാരമത്ത് ഗുണനിലവാര പരിശോധന സംഘം വീണ്ടും പാതയിൽ പരിശോധന നടത്തി. ഇതിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പ്രവൃത്തികളിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ലയെന്ന് കാണിച്ച് അസിസന്റ് എൻജിനീയറെയും ഓവർസിയറെയും സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാറിനുണ്ടായ നഷ്ടം പ്രവർത്തിക്ക് മേൽനോട്ടം വഹിച്ച വിരമിച്ച അസസിന്റ് എകിക്യൂട്ടീവ് എൻജീനിയർ, അസിസന്റ് എൻജീനിയർ, ഓവർസീയർ എന്നിവരിൽ നിന്നും ഇടാക്കാനും പൊതുമരമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തും.

അപകാത കണ്ടെത്തിയ റോഡിന്റെ ഭാഗത്ത് വീണ്ടും പുനർനിർമ്മാണം നടത്തും. മഴവിട്ടുനിന്നാൽ സമയബന്ധിതമായി തന്നെ റോഡ് നവീകരണം പൂർത്തിയാക്കാനാവുമെന്നും കൊപ്പം - പുലാമന്തോൾ ഭാഗത്തെ പ്രവർത്തികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണയെന്നും എം.എൽ.എ പ്രതികരിച്ചു.