നെന്മാറ; രാജ്യത്ത് ഒരുവർഷം ശരാശരി നൽകുന്ന ഒരു കോടി പാസ്‌പോർട്ടുകളിൽ 10 ശതമാനവും എടുക്കുന്നത് ജനസംഖ്യയിൽ മൂന്നു ശതമാനത്തിൽ താഴെയുള്ള മലയാളികളാണെന്ന് കേന്ദ്ര വിദേശ, പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആലത്തൂർ മണ്ഡലത്തിൽ ആരംഭിച്ച പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിൽ 19 ലും ഇതോടെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ തുറക്കാനായതായി അദ്ദേഹം അറിയിച്ചു. അധികം യാത്ര ചെയ്യാതെ പാസ്പോർട്ട് ലഭ്യമാകുന്ന അവസ്ഥയുണ്ടാകണമെന്നും പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ ഈ ലക്ഷ്യം നിറവേറ്റുന്നതായും മന്ത്രി പറഞ്ഞു. പാസ്‌പോർട്ട് ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ പ്രക്രിയ ലളിതവത്കരിച്ച് പാസ്‌പോർട്ട് സേവനം ജനസൗഹൃദമാക്കാൻ നിരവധി നടപടികൾ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരു പാസ്‌പോർട്ട് സേവാ കേന്ദ്രം എന്ന ലക്ഷ്യത്തോടെ ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് തപാൽ വകുപ്പുമായി സഹകരിച്ച് നെമ്മാറയിൽ പോസ്‌റ്റോഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം തുറക്കുന്നത്.

രമ്യ ഹരിദാസ് എം.പി അധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, കോഴിക്കോട് പോസ്റ്റ് മാസ്റ്റർ ജനറൽ ജിതേന്ദ്ര ഗുപ്ത, കൊച്ചി റീജണൽ പാസ്‌പോർട്ട് ഓഫീസർ ഭാനുലാലി എന്നിവർ പ്രസംഗിച്ചു.