ചിറ്റൂർ: നഗരസഭയുടെ പരിധിയിലുള്ള അണിക്കോട് മുതൽ കച്ചേരിമേട് വരെയുള്ള പാർക്കിംഗ് ഏരിയ വ്യാപാരികൾ കൈയടക്കിയതിനാൽ വാഹനങ്ങൾ റോഡിൽ അനധികൃതമായി പാർക്ക് ചെയ്യേണ്ട സ്ഥിതിയാണെന്നും ഇത് ഗതാഗത കുരുക്കിന് ഇടയാക്കുന്നെന്നും താലൂക്ക് വികസന സമിതിയിൽ യുവജന താദൾ (എസ്) സെക്രട്ടറി ഗിരീഷ് പരാതിപ്പെട്ടു.

ചിറ്റൂർ ഷുഗേഴ്‌സിന്റെ അധീനതയിലുള്ള സ്ഥലം മലബാർ ഡിസ്റ്റലറിക്ക് കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥ ഇതുവരെ പാലിക്കപ്പെട്ടില്ല. ആകെയുള്ള 117 ഏക്കറിൽ മൂന്നേക്കർ നിലനിറുത്തി ബാക്കി 114 ഏക്കറാണ് മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കൈമാറാൻ സർക്കാർ ഉത്തരവുളളത്. ഇതിലെ കാലതാമസം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി.ചെന്താമരയും സമിതിയിൽ പരാതി നൽകി.

വീടുകളിലുള്ള മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് മൂലം വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകി നഷ്ടമാകുന്നതായുള്ള പരാതിയും വികസന സമിതിയിലെത്തി. കമ്പിളി ചുങ്കം തോട്ടക്കര റോഡരികിൽ കൂടി ഒഴുകുന്ന കനാലിലാണ് തൊട്ടടുത്തുള്ള കോളനി നിവാസികൾ വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നത്. കനാൽ ഭിത്തി പല ഭാഗത്തും തകർന്നു കിടക്കുന്നു. ഓരങ്ങിൽ ചെടികൾ വളർന്ന് കാട് പിടിച്ചിരിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാറില്ലെന്ന് പി.ആർ.ഭാസ്‌കരദാസ് പരാതിപ്പെട്ടു.

പല തവണ പരാതിപ്പെട്ടിട്ടും തെരുവുവിളക്കുകൾ കത്തിക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണ്. സമിതി യോഗത്തിൽ ഹാജരാകാതിരിക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ നടപടി കർശനമാക്കണമെന്ന് പ്രതികരണ വേദി ഭാരവാഹി ശെൽവൻ ചിറ്റൂർ ആവശ്യപ്പെട്ടു. നഗരസഭാദ്ധ്യക്ഷൻ കെ.മധുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്തംഗം കെ.ചിന്നസ്വാമി, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, കൗൺസിലർ സാദിഖലി, താസിൽദാർ രമ, അഡി.താസിൽദാർ ബാലകൃഷ്ണൻ, ഷർമിള ദാസ് പങ്കെടുത്തു.