മണ്ണാർക്കാട്: പൊള്ളാച്ചി കേന്ദ്രമായി നടന്ന മണി ചെയിൻ തട്ടിപ്പിൽ പണം നഷ്ടമായവരിൽ മണ്ണാർക്കാട് സ്വദേശികളും ഉൾപ്പെട്ടതായി സൂചന. മണ്ണാർക്കാടും സമീപ പ്രദേശങ്ങളിലുമായി നിരവധി പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിട്ടുള്ളത്. നഗരപരിധിയിൽ തന്നെയുള്ള സ്‌കൂൾ അദ്ധ്യാപകർ ഉൾപ്പെടെയുള്ള ചില സർക്കാർ ഉദ്യോഗസ്ഥരും വ്യാപാരികളും സാധാരണക്കാരായ ആളുകളും തട്ടിപ്പിനിരയായി.

ഇവർ ഇതുവരെയും പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. പുറത്തറിഞ്ഞാലുണ്ടാകുന്ന അഭിമാനക്ഷതവും നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്നതെല്ലാമാണ് പരാതി നൽകാത്തതിന് പിന്നിലെന്നറിയുന്നു.

പൊള്ളാച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചേലക്കര സ്വദേശിയുടെ കമ്പനിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. കുറഞ്ഞ കാലയളവിനുള്ളിൽ നിക്ഷേപത്തുക ഇരട്ടിയാക്കി നൽകുമെന്ന കമ്പനിയുടെ വാഗ്ദാനത്തിൽ പെട്ട് വ്യക്തമായ രേഖകളൊന്നും ഇല്ലാതെയാണ് പലരും പണം നൽകിയിട്ടുള്ളത്.

കോടികൾ കൈമറിഞ്ഞ ഇടപാടിൽ മണ്ണാർക്കാട് നിന്ന് മാത്രം ലക്ഷങ്ങൾ നഷ്ടമായി. ജില്ലയിലെ 13 പൊലീസ് സ്റ്റേഷനുകളിൽ മണി ചെയിൻ തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും മണ്ണാർക്കാട് നിന്ന് ഇതുവരെ ഇത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ലഭിച്ച പരാതികളിൽ കർശന നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം നിർദേശം നൽകിയിട്ടുണ്ട്. മംഗലാംകുന്ന്, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലുള്ള കമ്പനിയുടെ തുടക്കകാലത്തെ പ്രവർത്തകരിലൂടെയാണ് മണ്ണാർക്കാടുള്ള നിരവധി പേർ പണം നിക്ഷേപിച്ചിട്ടുള്ളത്. കമ്പനിയുടെ നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളതും മണ്ണാർക്കാട് സ്വദേശികളായ ചിലർ പ്രധാന മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളതുമായ ഒരു സിനിമ അണിയറയിൽ ഒരുങ്ങുന്നതായും സൂചനയുണ്ട്. വരും ദിവസങ്ങളിൽ പണം നഷ്ടമായവർ പരാതിയുമായി വരുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.