കടമ്പഴിപ്പുറം: മുണ്ടൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ കോങ്ങാട് സീഡ് ഫാം മുതൽ മംഗലാംകുന്ന് വരെ അടുത്തിടെ നവീകരിച്ച 14 കിലോമീറ്റർ പാതയുടെ തകർച്ചയിൽ പ്രതിഷേധം ശക്തമാകുന്നു. 15 കോടി ചിലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ റോഡ് രണ്ടുമാസത്തിനമാണ് തകർന്നത്. നിർമ്മാണം ഏറ്റെടുത്ത കരാറുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി.
ഗുണനിലവാരം ഉറപ്പു വരുത്താതെ, സമയ ബന്ധിതമായി നവീകരണം പൂർത്തിയാക്കാത്ത കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം കടമ്പഴിപ്പുറം ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യത്തിന് സാധന സാമഗ്രികൾ ഉപയോഗിക്കാതെയും അശാസ്ത്രീയമായ രീതിയിൽ ചാലുകളും കൽവെർട്ടുകളും നിർമ്മിച്ചും തീർത്തും ഗുണനിലവാരമില്ലാതെ ബി.എം.ബി.സി പ്രവൃത്തി നടത്തിയും മുന്നോട്ടുപോകുന്ന കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി റോഡ് നവീകരണം യോഗ്യരായ മറ്റ് ഏജൻസികളെക്കൊണ്ട് അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ലോക്കൽ സെക്രട്ടറി സി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.
നവീകരണം പൂർത്തിയാക്കിയ റോഡ് തകർന്ന് വലിയ കുഴികൾ രൂപപെട്ടതോടെ ഇതുവഴി യാത്ര ദുഷ്കരമായി. കുഴികളിൽപ്പെട്ട് അപകടം പതിവായപ്പോൾ തകർന്ന ഭാഗങ്ങളിൽ ക്വാറി വേസ്റ്റ് നിറച്ച് ഓട്ടയടയ്ക്കൽ പണിയാണ് ഇപ്പോൾ നടക്കുന്നത്. ഓട്ടയടച്ച ഭാഗങ്ങളിൽ മഴ പെയ്യുന്നതോടെ പാറപ്പൊടി ഒലിച്ചുപോയി വീണ്ടും ഗർത്തങ്ങൾ രൂപപ്പെടുന്നുണ്ട്. ഇത്തരത്തിൽ കുഴികളിൽപ്പെട്ട് ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ അപകടം പതിവാണ്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം വലമ്പലിമംഗലം സ്വദേശി സീതാരാമന്റെ ജീവൻ നഷ്ടമായത് ഹൈസ്‌കൂളിന് താഴെ ഇതുപോലെ ക്വാറി വേസ്റ്റ് മൂടിയ ഭാഗത്തെ കുഴിയിൽ ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ടായിരുന്നു.
ഇക്കാര്യങ്ങൾ എം.എൽ.എ, വകുപ്പു മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സത്വര നടപടികളുണ്ടായില്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നതിനും സി.പി.എം നേതൃത്വം നൽകുമെന്ന് സി.കൃഷ്ണൻകുട്ടി അറിയിച്ചു.
റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ ബി.ജെ.പി ശ്രീകൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വിശ്വനാഥൻ, സെക്രട്ടറി എ.വാസുദേവൻ, ഐ.ടി സെൽ മണ്ഡലം കൺവീനർ രാജേഷ് തരുവറ പള്ളിയാൽ എന്നിവർ പങ്കെടുത്തു.
നവരാത്രി ആഘോഷം
ശ്രീകൃഷ്ണപുരം: പാറക്കടവ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾക്ക് പുറമെ ദിവസേന രാവിലെ ഗണപതി ഹോമം, രുദ്രാഭിഷേകം എന്നിവ നടക്കും. നാളെ വൈകിട്ട് ആറിന് സംഗീതക്കച്ചേരി, എട്ടിന് രാവിലെ വാഹനപൂജ, സരസ്വതീപൂജ, എഴുത്തിനിരുത്ത് എന്നിവയുണ്ടാകും.
കടമ്പഴിപ്പുറം: പാലത്തറ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു വിശേഷാൽ പൂജകൾ, ദേവിഭഗവത പാരായണം, പൂജവെപ്പ്, നാളെ മഹാനവമി ആഘോഷം, എട്ടിന് സരസ്വതി പൂജ, വാഹന പൂജ, എഴുത്തുനിരുത്തൽ എന്നിവയുണ്ടാകും.