ആകെ രജിസ്റ്റർ ചെയ്തത് 69 കേസുകൾ
വടക്കഞ്ചേരി: മണിചെയിൻ തട്ടിപ്പിൽ കൂടുതൽ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഇതുവരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി ആകെ ലഭിച്ചത് 69 പരാതികളാണ്. കൂടുതലും പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജെ.എൻ.ടു ജെൻ ട്രൻഡ് എന്റർപ്രൈസസ് എന്ന കമ്പനിക്കെതിരെയാണ്.
അടിപ്പെരണ്ട കയറാടി സ്വദേശി മുഹമ്മദ് മജീദ് 7.50 ലക്ഷം നഷ്ടപ്പെട്ടതായി കാണിച്ച് നെന്മാറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ചുമൂർത്തി മംഗലം സ്വദേശിയായ ഫരീദയ്ക്ക് രണ്ടു ലക്ഷവും മംഗലത്ത് സനുഷിന് 55,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. എരിമയൂർ സ്വദേശികളായ സുധീർ 2.25 ലക്ഷം, സുബൈർ 3.9 ലക്ഷം, ബദറുദ്ധീൻ 9.7ലക്ഷം, അബ്ദുൾ റഹിമാൻ 50,000 രൂപയും, ഷാജുദ്ദീൻ 5.5 ലക്ഷം, അഫ്‌സൽ 2.2 ലക്ഷം ഷൗക്കലത്തലി 3 ലക്ഷം, സുധീർ മുത്തു 2.8 ലക്ഷം, വിനീത് കുമാർ 1.5 ലക്ഷം തുടങ്ങി 21 പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
സി.പി.എം ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ ഭർത്താവിന്റെ നേതൃത്വത്തിൽ നെന്മാറയിൽ മാത്രം രണ്ടുകോടി രൂപ നിക്ഷേപമായി ചേർത്തതായാണ് സൂചന. സി.പി.എം നേതാക്കൾ കൂടി ഇതിൽ കണ്ണികളായതോടെ പാർട്ടി നേതൃത്വവും ആശങ്കയിലാണ്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ അതത് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടുള്ള കൂടുതൽ ആളുകൾ വരുംദിവസങ്ങളിൽ പരാതിയുമായി വരാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ കേസ് ക്രൈംബാഞ്ചിന് കൈമാറിയേക്കുമെന്നും സൂചനയുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തിനെ നിയോഗിക്കാനും സാദ്ധ്യതയുണ്ട്.