നെന്മാറ: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 52.75 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. അടുത്ത ദിവസങ്ങളിൽ 53 അടിയായി ഉയരുന്ന സാഹചര്യം ഉണ്ടായാൽ വെള്ളം തുറന്നുവിടുമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു.
വൃഷ്ടിപ്രദേശത്തെ മഴയുടെ തീവ്രതയും നെല്ലിയാമ്പതി മലകളിൽ നിന്നുമുള്ള നീരൊഴുക്കും വർദ്ധിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ കാർഷിക മേഖലയ്ക്കും ശുദ്ധജല വിതരണത്തിനും വേണ്ടുന്ന വെള്ളം പൂർണതോതിൽ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികളും കർഷകരും.
കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് ജലനിരപ്പ് 54.50 അടിയായി ഉയർന്നതോടെ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് പെയ്ത മഴ നെല്ലിയാമ്പതി മലനിരകളിൽ നിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ മാസം 14ന് വെള്ളംതുറന്നു വിടുമെന്നറിയിച്ചെങ്കിലും മഴ കുറഞ്ഞതോടെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പരമാവധി സംഭരണ ശേഷി 55 അടിയാണെങ്കിലും സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് 53 അടിയായാൽ തുറന്നുവിടുന്നത്. ഡാമിലെ വെള്ളത്തിനെ ആശ്രയിച്ചാണ് നെന്മാറ, അയിലൂർ, മേലാർകോട് പഞ്ചായത്ത് പരിധിയിലെ കർഷകരുടെ രണ്ടാംവിള നെൽകൃഷി ഇറക്കൽ നടക്കുക.