ശ്രീകൃഷ്ണപുരം: കരിമ്പുഴയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പുഴുക്കുത്തുകൾ കോൺഗ്രസ് പാർട്ടിക്ക് പുറത്താണെന്ന് എം.പിയും ഡി.സി.സി പ്രസിഡന്റുമായ വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. കരിമ്പുഴ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

പാർട്ടി, മുന്നണി വിരുദ്ധ പ്രവർത്തനം നടത്തിയാൽ അവർക്ക് സ്ഥാനമില്ല. ആരുടെയും ശുപാർശ ഇല്ലാതെ നിങ്ങൾക്ക് എപ്പോഴും വന്നുകാണാൻ കഴിയുന്ന എം.പി ആയിരിക്കും താൻ. വികസന കാര്യത്തിൽ പക്ഷം നോക്കാതെ എല്ലാവരുടെയും ജനപ്രതിനിധിയായി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .

തച്ചനാട്ടുകരയിലെ മുറിയങ്കണ്ണിയിൽ നിന്നാരംഭിച്ച് ചെത്തല്ലൂർ, കാവുവട്ടം, വെള്ളക്കുന്ന്, പൂവത്താണി, കരിങ്കല്ലത്താണി, മാണിക്കപറമ്പ്, തള്ളച്ചിറ, 53ാം മൈൽ, കുന്നുംപുറം, ചാമപറമ്പ് , ചോളോട്, പടിഞ്ഞാറെ പാലോട് , മേലെ കൊടക്കാട്, കുണ്ടൂർകുന്ന് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കൂട്ടിലക്കടവിൽ സമാപിച്ചു.