ആളുകളെ ചേർത്തിയവർക്ക് പ്രോത്സാഹനമായി നൽകിയത് കാർ
വടക്കഞ്ചേരി: ആലത്തൂരും പരിസര പ്രദേശങ്ങളിൽ നിന്നുമായി മണിചെയിൻ തട്ടിപ്പിനിരയായവർക്ക് നഷ്ടമായത് ആറുകോടി രൂപ. ആലത്തൂർ ഡി.വൈ.എസ്.പിയ്ക്ക് കീഴിലെ വിവിധ സ്‌റ്റേഷനുകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 69 കേസുകളിലെ പരാതിക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നഷ്ടം കണക്കാക്കിയത്.
ജില്ലയുടെ വിവിധയിടങ്ങളിൽ നിന്നായി നിരവധി പരാതികൾ വന്നതോടെ ഇന്നലെ മുതൽ പൊലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇനിയും കൂടുതലാളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷംമാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരൂ എന്നും പൊലീസ് പറഞ്ഞു.
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ രണ്ടുകോടി രൂപയും, കുഴൽമന്ദം പൊലീസ് സ്‌റ്റേഷനിൽ ഒരു കോടി, നെന്മാറയിൽ 7.50 ലക്ഷം, വടക്കഞ്ചേരിയിൽ രണ്ടരലക്ഷം, കോട്ടായിൽ 17 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം.
ഭരണപക്ഷ പാർട്ടി നേതാവിന്റെ സ്വാധീനത്തിൽ തെന്നിലാപുരം കേന്ദ്രീകരിച്ച് നടന്ന നിക്ഷേപ തട്ടിപ്പിൽ ഒരുകോടി രൂപയോളം നഷ്ടമായതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് കൂടുതൽ തുക സമാഹരിച്ച് നൽകിയ യുവാവിന് പ്രോത്സാഹനമായി കമ്പനി കാറും നൽകിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പണം നഷ്ടമായവർ പാടൂർ സ്വദേശിയായ പ്രാദേശിക നേതാവിന്റെ വീട്ടിൽ എത്തിതുടങ്ങിയതോടെ ഇവർ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ്.
തൃശ്ശൂർ ചേലക്കര സ്വദേശി സജീവ് കരുണിന്റെ പൊള്ളാച്ചിയിലുള്ള ജെൻ ടു ജെൻ ട്രെന്റ് എന്റർപ്രൈസസിന്റെ പേരിലാണ് പണം തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇദ്ദേഹം വൈബ് സൈറ്റിൽ നൽകിയിട്ടുള്ള കമ്പനിപേര് വ്യാജമാണെന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾ ജയിൽ ശിക്ഷ ലക്ഷിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. പരാതിക്കാരിൽ നിന്ന് വിശദമായ മൊഴിരേഖപ്പെടുത്തി വരികയാണ്. സജീവ് കരുണിനെ കൂടാതെ നിരവധിയാളുകൾ പ്രതിസ്ഥാനത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്.