പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് സജീവമായി. കുഴൽമന്ദം, കണ്ണാടി, എലവഞ്ചേരി, ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിൽ കൊയ്ത്ത് പാകുതി പൂർത്തിയായി. സപ്ലൈകോ ഈ മാസം നാലിന് ആരംഭിച്ച നെല്ല് സംഭരണത്തിലൂടെ ഇതുവരെ 200 മെട്രിക് ടൺ നെല്ല് സംഭരിച്ചതായാണ് കണക്ക്. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കൊയ്ത്ത് ആരംഭിക്കും. നിലവിൽ സഹകരണ മേഖലയിലുള്ള പാഡികോയ്ക്ക് പുറമെ കാലടി ജി.എം റൈസ് മില്ല്, കോട്ടയം സെന്റ് മേരീസ് റൈസ് മില്ല് എന്നിവയാണ് ജില്ലയിൽ സംഭരണം നടത്തുന്നത്.

35,453 ഹെക്ടർ കൃഷിയിടത്താണ് ഇത്തവണ ഒന്നാംവിള ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ഒന്ന്, രണ്ട് വിളകളിൽ 2.48 ലക്ഷം ടൺ നെല്ലാണ് ജില്ലയിൽ സപ്ലൈകോ സംഭരിച്ചത്. ഇതിൽ രണ്ടാംവിളയിൽ മാത്രം 1.65 ലക്ഷം ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞ പ്രളയത്തിന് ശേഷം ഉണ്ടായ രണ്ടാംവിളയിൽ ജില്ലയിലാകെ നല്ല വിളവാണ് കർഷകർക്ക് ലഭിച്ചത്. ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി മികച്ച വിളവ് തരുന്നതും പ്രതിരോധശേഷി ഉള്ളതുമായ ഉമ വിത്താണ് മിക്ക കർഷകരും ഇത്തവണ ഒന്നാംവിളയിൽ ഇറക്കിയിരിക്കുന്നത്.

-രജിസ്ട്രേഷൻ അവസാനിപ്പിച്ചിട്ടില്ല

കൊയ്ത്ത് തുടങ്ങാൻ വൈകിയ സാഹചര്യത്തിൽ രജിസ്ട്രേഷൻ ഇപ്പോഴും തുടരുന്നുണ്ട്. ഇതുവരെ 48,000 ഒാളം കർഷകർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടുതലാണ്. 37,000 ഒാളം പേരാണ് കഴിഞ്ഞ ഒന്നാവിളയിൽ രജിസ്റ്റർ ചെയ്തത്. 26.95 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.

അബ്ദുൾ മജീദ്, പാഡി മാർക്കറ്റിംഗ് ഒാഫീസർ, ആലത്തൂർ