പാലക്കാട്: താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സി 17 സർവീസുകൾ റദ്ദാക്കി. പാലക്കാട് ഡിപ്പോയിൽ 10, ചിറ്റൂർ രണ്ട്, വടക്കഞ്ചേരി നാല്, മണ്ണാർക്കാട് ഒന്ന് എന്നിങ്ങനെയാണ് സർവീസുകൾ റദ്ദാക്കിയത്. ഇതിനുപുറമേ സ്പെയർപാർട്‌സുകളുടെ അഭാവംമൂലം പാലക്കാട് 11 സർവീസുകളും ജീവനക്കാരുടെ അവധിയെ തുടർന്ന് മണ്ണാർക്കാട് രണ്ട് സർവീസുകളും മുടങ്ങി. തൃശൂരിലേക്ക് ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ട് അഡീഷണൽ സർവീസ് നടത്തി. പൂജ അവധിയായതിനാൽ യാത്രക്കാരുടെ തിരക്ക് കുറവായിരുന്നു.
അവധി കഴിഞ്ഞ് ഇന്ന് തിരക്ക് വർദ്ധിക്കുമെന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിൽ സർവീസ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഡ്രൈവർമാരെ നിയോഗിക്കും. കോയമ്പത്തൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കായി വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്. അതിനാൽ പതിനൊന്നോളം അഡീഷണൽ സർവീസുകൾ നടത്താനാണ് തീരുമാനം.
സർവീസുകൾ വെട്ടിച്ചുരുക്കിയെങ്കിലും താത്കാലിക ഡ്രൈവർമാർ എത്തി പരമാവധി സർവീസ് നടത്തിയതിനാൽ ഞായറാഴ്ച 17,54,990 രൂപയാണ് വരുമാനം ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച ഇത് 12,06,324 രൂപയായി കുറഞ്ഞു. പാലക്കാട് യൂണിറ്റിൽ ആറു സർവീസുകളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. 11, 14 തീയതികളിലും ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കാൻ അനുമതിയുണ്ട്.