പാലക്കാട്: അഗളി പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നതായി ആദിവാസി പൊലീസുകാരന്റെ പരാതി. അട്ടപ്പാടി കടുകുമണ്ണ ഉൗരുനിവാസിയായ സിവിൽ പൊലീസ് ഓഫീസർ എം.ഹരിദാസനാണ് പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
സ്റ്റേഷനിലെ സഹപ്രവർത്തകർ തന്നെ നിരന്തരം അവഹേളിക്കുകയും മാറ്റി നിർത്തലിന് വിധേയമാക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. ഏഴ് വർഷമായി ഹരിദാസൻ പൊലീസ് സേനയുടെ ഭാഗമായിട്ട്. തുടുക്കി, ആനവായ്, കടുക് മണ്ണ, ഗോട്ട്യാർകണ്ടി, എടവാണി, ഭൂതയാർ, മുരുഗള, കിണറ്റുകട എന്നിവിടങ്ങളിൽ കഞ്ചാവ് കൃഷി സംബന്ധിച്ചും മാവോയിസ്റ്റുകളെ കുറിച്ചും റിപ്പോർട്ട് നൽകുകയായിരുന്നു പ്രധാന ദൗത്യം. സമീപകാലത്ത് സഹപ്രവർത്തകരിൽ ചിലർ ഊരുകളിലെത്തി ആളുകളെ ഭീഷണിപ്പെടുത്തിയതിനാൽ ഊരിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്നും പരാതിയിൽ പറയുന്നു. എ.എസ്.പി, പി.എസ്.ഒ ഉൾപ്പടെ ആറ് സഹപ്രവർത്തകർക്കെതിരിയാണ് ഹരിദാസൻ പരാതി നൽകിയിരിക്കുന്നത്.