കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ മാത്രം അഞ്ച് അണക്കെട്ടുകളുണ്ടായിട്ടും ചുള്ളിയാർ ഡാം കോളനിക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. മൂന്നുമാ,മായിട്ടും കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളായ എം.സുരേന്ദ്രൻ, ആർ.ബിജോയ്, ബദുറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനെയും ഉപരോധിച്ചു.
കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉൾപ്പെടുന്ന നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ കുഴൽകിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പക്ഷേ, പഞ്ചായത്തന്റെ നേതൃത്വത്തിൽ കുഴിച്ച കുഴൽക്കിണറുകളിൽ പമ്പിംഗ് നടന്നിട്ട് നാളേറെയായി. കുഴൽകിണറിൽ മണ്ണടിച്ചതാണ് കാരണം. നിരവധിതവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനെ തുടർന്നാണ് കോളനിക്കാർ ഉപരോധവുമായി രംഗത്തെത്തിയത്. തുടർന്ന് നടന്ന ചർച്ചയിൽ രണ്ടുദിവസത്തിനുള്ളിൽ കോളനിയിൽ കുടിവെള്ളമെത്തിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു.
മീങ്കര ഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ചുള്ളിയാർഡാം കോളനിയിലേക്ക നീട്ടുക. അല്ലെങ്കിൽ ചുള്ളിയാർഡാം കേന്ദ്രീകരിച്ച് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുക എന്നതാണ് കോളനിക്കാരുടെ ആവശ്യം. പലകപ്പാണ്ടി പദ്ധതിയിലൂടെയും സീതാർകുണ്ട് ഡൈവേഴ്‌സൺ പദ്ധതിയിലൂടെയും ലഭിക്കുന്ന വെള്ളം ചുള്ളിയാർഡാം കോളനിക്കാരുടെ കുടിവെള്ളക്ഷാമം തീർക്കാൻ ഏറെ സഹായിക്കുമെന്നും പുതിയ കുടിവെള്ല പദ്ധതി നടപ്പാക്കിയാൽ കടുത്ത വരൾച്ചയിൽപോലും മുതലമട, കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകൾക്ക് കുടിവെള്ളത്തിന് പരക്കംപായേണ്ട അവസ്ഥയുണ്ടാകില്ലെന്നും നേതാക്കൾ പറയുന്നു.