ഷൊർണൂർ: ഭാരതപ്പുഴയിലെ വെള്ളം പൂർണ്ണമായും തടഞ്ഞു നിർത്തി കൊണ്ടുള്ള തടയണകൾ പുഴയെ ആശ്രയിച്ചുള്ള കർഷകർക്ക് തിരിച്ചടിയാവുന്നു. തരിശായി കിടന്നിരുന്ന പുഴയോരത്തെ പാടശേഖരങ്ങളെല്ലാം സജീവമായി കൊണ്ടിരിക്കെ തടയണകളിൽ വെള്ളം പൂർണ്ണമായും തടഞ്ഞു നിർത്തുന്ന സ്ഥിതിയുണ്ടാവുന്നത് കർഷകരെ ആശങ്കയിലാക്കുകയാണ്. തുലാവർഷമഴ ലഭിച്ചില്ലെങ്കിൽ പുഴ വെള്ളം മാത്രമാണ് കർഷകർക്ക് ആശ്രയം.
തടയണകളുടെ താഴേയ്ക്ക് തീരെ നീരൊഴുക്ക് നിലക്കുന്നത് നെൽകൃഷികൾ ഉണങ്ങാൻ കാരണമാകുമെന്ന് കർഷകർ പറഞ്ഞു. പുഴയിൽ നിന്നും ഇറിഗേഷൻ പദ്ധതിയിൽ വെള്ളം പമ്പു ചെയ്താണ് കർഷകർ കൃഷിയിറക്കുന്നത്. എന്നാൽ ജലസേചന സൗകര്യം ലഭ്യമാകാതെ വരുമ്പോൾ കനത്ത നഷ്ടമാണ് കർഷകർ ഏൽക്കേണ്ടി വരിക. കാർഷിക മേഖല തളരാതിരിക്കാൻ തടയണകളുടെ ഒന്നോ, രണ്ടോ ഷട്ടറുകൾ അടക്കാതെ നിർത്തണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.