പാലക്കാട്: ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആർ.ഡി.എസ്) അട്ടപ്പാടിയിലെ ആദിവാസികൾക്ക് നിർമ്മിച്ചുനൽകിയ ഭവനങ്ങൾ വിവിധ ന്യായങ്ങൾ പറഞ്ഞ് വീട്ടുനമ്പർ നിഷേധിക്കുന്നതായി ആക്ഷേപം.

1997 മുതൽ സാമൂഹ്യ സന്നദ്ധ സേവനരംഗത്ത് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് എച്ച്.ആർ.ഡി.എസ്. അട്ടപ്പാടിയിൽ വീടിനായി 2200 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 192 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 108 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ആദിവാസികളുടെ ഭൂമിയിൽ സൗജന്യമായി നിർമ്മിച്ചുനൽകിയ വീടുകൾക്ക് ഷോളയൂർ പഞ്ചായത്ത് അധികൃതരാണ് വീട്ടുനമ്പർ നിഷേധിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

വീടുകൾക്ക് നമ്പറിട്ട് നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് മുമ്പിൽ ആദിവാസികൾ സമരം നടത്തിയിരുന്നു. തുടർന്ന് ഉടൻ നമ്പറിട്ട് നൽകാമെന്ന പഞ്ചായത്ത് ഉറപ്പ് നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. മാത്രമല്ല പിന്നീട് കളക്ടറേറ്റിൽ നടന്ന അദാലത്തിൽ പത്ത് ദിവസത്തിനകം വീട്ടുനമ്പർ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. പക്ഷേ, ഒരുമാസം പിന്നിട്ടിട്ടും തീരുമാനം നടപ്പായില്ല. നമ്പർ ലഭിക്കാതെ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കില്ല. പഞ്ചായത്തിന്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് ആദിവാസി ഭൂമിയിൽ വീട് നിർമ്മിച്ചതെന്ന് ആരോപിച്ചാണ് ഇപ്പോൾ പഞ്ചായത്ത് അധികൃതർ വീട്ടുനമ്പർ നൽകാത്തതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.

ആദിവാസി മേഖലയിൽ എച്ച്.ആർ.ഡി.എസ് പ്രവർത്തനം ആരംഭിച്ചതോടെ ഈ മേഖലയിൽ നടന്ന അഴിമതി കണ്ടെത്താനായി. കഴിഞ്ഞ 20 വർഷത്തെ പദ്ധതികൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എച്ച്.ആർ.ഡി.എസ് പ്രധാനമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ആദിവാസികളെ പറ്റിച്ച ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എച്ച്.ആർ.ഡി.എസിനെ അപകീർത്തിപ്പെടുത്തുകയാണെന്നും അധികൃതർ പറയുന്നു.