എലവഞ്ചേരി; നെന്മാറ - കൊല്ലങ്കോട് പാതയിൽ കുമ്പളക്കോട് പാലത്തിന് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. എലവഞ്ചേരി വട്ടേക്കാട് കൊളപ്പുള്ളിപ്പാടം പരേതനായ ബാലന്റെ മകൻ ആൽബർട്ട് (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നെന്മാറയിൽ നിന്നും കൊല്ലങ്കോട് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റുംമഴയെയും തുടർന്ന് മരക്കൊമ്പ് പൊട്ടി പാതയിൽ വീണിരുന്നു. ഇതിൽ വാഹനം കുടുങ്ങാതിരിക്കാൻ വെട്ടിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. പാതയോരത്തുള്ള വളർന്നു വലുതായ പുൽച്ചെടിക്കൂട്ടത്തിൽ ബൈക്കും യാത്രികനും തെറിച്ച് വീണത് രാത്രിയായതിനാൽ അരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്നലെ രാവിലെയാണ് അപകടവിവരം നാട്ടുകാർ അറിയുന്നത്. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരിച്ച ആൽബർട്ട് പാലക്കാട് ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിന് പഠിക്കുകയാണ്. മുതലമട പ്രാഥമിക ആരോഗ്യത്തിൽ ജോലി ചെയ്യുന്ന വസന്തകുമാരിയാണ് അമ്മ. സഹോദരങ്ങൾ: ഹെർബർട്ട്, റോബർട്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വട്ടേക്കാട് വാതക സ്മശാനത്തിൽ സംസ്‌കരിച്ചു.