വടക്കഞ്ചേരി: ദേശീയപാത ശങ്കരൻ കണ്ണൻതോടിന് സമീപം സ്ത്രീയുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. ചെമ്മണാംകുന്ന് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുറകിൽ റബ്ബർ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടത്. മൃതദേഹം പൂർണമായി ദ്രവിച്ച നിലയിലായിരുന്നു. മുടിയും സാരിയും കണ്ടതാണ് സ്ത്രീയുടേതെന്ന നിഗമനത്തിലെത്താൻ കാരണം.
അസ്ഥികൂടത്തിന്റെ സമീപത്ത് നിന്ന് ലേഡീസ് പേഴ്‌സ്, മൊബൈൽ ഫോൺ, മൊബൈൽ ചാർജ്ജർ, ചെരുപ്പ് എന്നിവ കണ്ടെത്തി. പേഴ്‌സിന്റെ മുകൾ ഭാഗത്ത് കോതമംഗലം എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്. ദേശീയപാതയിൽ നിന്നും 50 മീറ്റർ അകലെ നെടുംപുറത്തിൽ എൽവിന്റെ തോട്ടത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
മാസങ്ങളായി കാടുമൂടി കിടക്കുന്ന തോട്ടത്തിൽ ഇന്നലെ കാട് വെട്ടുന്നതിനിടെ ഒരു മണിയോടുകൂടിയാണ് അസ്ഥികൂടം കണ്ടത്. ഒന്നരമാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗർപ്രിന്റ്, ഡോഗ് സ്‌ക്വാഡ് എന്നീ പരിശോധിച്ചതിന് ശേഷം ഇന്ന് അസ്ഥികൂടം നീക്കം ചെയ്യും.