സി.പി.എം അംഗങ്ങൾ ഇറങ്ങിപ്പോയി
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ക്ഷേത്രത്തിൽ സംഗീതോത്സവം ഉദ്ഘാടന വേദിയിൽ നഗരസഭ ചെയർപേഴ്‌സൻ നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്ന് ആരോപിച്ച് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ബഹളം. സി.പി.എം അംഗങ്ങളാണ് യോഗം തുടങ്ങി അജണ്ടകളിലേക്ക് കടക്കും മുമ്പ് എഴുന്നേറ്റ് ചെയർപേഴ്‌സൺ രാജിവക്കണമെന്നാവശ്യപ്പെട്ടത്.
പ്രതിഷേധത്തിനിടെയും യോഗം തുടർന്നതോടെ മുദ്രാവാക്യം വിളിച്ച് സി.പി.എം അംഗങ്ങൾ പുറത്തുപോയി. അതേസമയം ബി.ജെ.പി അംഗം പി.ജയൻ യോഗത്തിൽ പങ്കെടുത്തു. ചെയർപേഴ്‌സനോടുള്ള പ്രതിഷേധ സൂചകമായാണ് യോഗം ബഹിഷ്‌കരിച്ചതെന്നും രാജി ആവശ്യപ്പെട്ട് വരുംദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും സി.പി.എം അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ചെയർപേഴ്‌സനെതിരെ നൽകിയ പരാതി വ്യാജമാണെന്നും വസ്തുനിഷ്ടമായി കേസ് അന്വേഷിക്കുന്നതിനു പകരം പൊലീസ് അമിതാവേശം കാണിക്കുകയാണെന്നും ചെയർപേഴ്‌സന് എല്ലാ പിന്തുണയും നൽകുന്നതായും യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ.എ.അസീസ് പറഞ്ഞു. സി.പി.എം അംഗങ്ങളുടെ അസാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ചെർപ്പുളശ്ശേരിയിൽ പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കുന്നതിന് കേരള അർബൻ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും ആവശ്യമായ തുക വായ്പയെടുക്കാൻ തീരുമാനിച്ചു.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളോത്സവം ഇത്തവണ നടത്തേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. സെക്രട്ടറി ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയതോടെ യൂത്ത് വെൽഫെയർ ബോർഡിനെ പ്രതിസന്ധി അറിയിക്കാൻ കൗൺസിൽ തീരുമാനിച്ചു. ആശ്രയ പദ്ധതി, തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ അജണ്ടകളും കൗൺസിൽ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് അദ്ധ്യക്ഷയായി.