ഒറ്റപ്പാലം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ഈസ്റ്റ് ഒറ്റപ്പാലം, പാലപ്പുറം ഭാഗങ്ങളിലെ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടൽ സാഗർ, പാലപ്പുറം ഹോട്ടൽ മണി, ഫ്രണ്ട്‌സ് ഹോട്ടൽ, ഹോട്ടൽ ഫുഡ് മാജിക്ക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്കാണ് ഈസ്റ്റ് ഒറ്റപ്പാലം, പാലപ്പുറം ഭാഗത്തെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗം മിന്നൽ പരിശോധനക്കെത്തിയത്.

പരിശോധന തുടരുമെന്നും കുറ്റം ആവർത്തിച്ചുകണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സി.കെ രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.റഫീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബൂബക്കർ സിദ്ദിഖ് എ്ന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസവും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയിരുന്നു. 6000 രൂപ പിഴയാണ് ഇവരിൽ നിന്ന് ഈടാക്കിയത്. പരിശോധനയിൽ വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് വൃത്തിയാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.