ഒറ്റപ്പാലം: നഗരത്തിൽ സാംസ്‌കാരിക നിലയം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിനോട് ചേർന്ന നഗരസഭയുടെ സ്ഥലത്താണ് സാംസ്‌കാരിക നിലയം നിർമ്മിക്കുക. 5.38 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവെന്ന് പി.ഉണ്ണി എം.എൽ.എ അറിയിച്ചു.

രണ്ട് നിലകളിലായി ആയിരം പേരെ ഉൾകൊള്ളുന്ന വിപുലമായ കെട്ടിടമാണ് നിർമ്മിക്കുന്നത്. കൂടാതെ പാർക്കിംഗ് ഉൾപ്പടെയുള്ള സൗകര്യങ്ങളും സാംസ്‌കാരിക നിലയിത്തിലുണ്ടാകും. നിർമ്മാണ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് പദ്ധതി രേഖ സമർപ്പിച്ച് സാങ്കേതിക അനുമതികൂടി ലഭ്യമായാൽ കെട്ടിടത്തിന്റെ പ്രവർത്തനം തുടങ്ങും. പി.ഉണ്ണി എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് 2018-19 വർഷത്തെ ബഡ്ജറ്റിലാണ് പദ്ധതി ഉൾപ്പെടുത്തിയത്. കെട്ടിടത്തിന് വേണ്ടി ആദ്യം തയ്യാറാക്കിയ പദ്ധതിരേഖ പുതുക്കിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

പാലക്കാട്ടെ അംഗീകൃത സർക്കാർ ഏജൻസിയായിരുന്നു പദ്ധതിരേഖ തയ്യാറാക്കിയിരുന്നത്. പൊതുജന പങ്കാളിത്തം കൂടുതൽ ഉറപ്പാക്കാൻ വിധത്തിലുള്ള രാഷ്ട്രീയ സാംസ്‌കാരിക പരിപാടികളെല്ലാം നടത്താൻ പാകത്തിലുള്ള കെട്ടിടമാണ് നിർമ്മിക്കുക. നഗരത്തിൽ സമ്മേളനങ്ങൾ അടക്കമുള്ള പരിപാടികൾ നടത്താൻ നഗരസഭ ഓപ്പൺ ഓഡിറ്റോറിയം മാത്രമാണുള്ളത്. ബസ് സ്റ്റാന്റിനോട് ചേർന്നുകിടക്കുന്ന ഓഡിറ്റോറിയം ഇടുങ്ങിയതും പാർക്കിംഗ് സൗകര്യം ഇല്ലാത്തതുമാണ്. ഈ പ്രശ്‌നങ്ങൾ മുന്നിൽ കണ്ടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.