പാലക്കാട്: മുനിസിപ്പൽ സ്റ്റാന്റ് കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി സ്റ്റാന്റിലെ ബസുകൾ എതിർവശത്തുള്ള ടാക്‌സി സ്റ്റാന്റിനു സമീപത്തേക്ക് മാറ്റി. ഇനിമുതൽ ബസുകൾ ഇവിടെനിന്നാവും സർവീസ് നടത്തുക.
കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു തുടങ്ങിയപ്പോൾ മറുവശം അടർന്നുവീഴാൻ തുടങ്ങിയതിനാലാണ് അപകടസാധ്യത കണക്കിലെടുത്ത് ബസുകൾ സ്റ്റാന്റിനു പുറത്തേക്ക് മാറ്റിയത്. സ്ഥലസൗകര്യം ഇല്ലാത്തത് നിലവിൽ യാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതിനാൽ, സ്റ്റാന്റിന്റെ കവാടം പൊളിച്ചുമാറ്റുന്ന പ്രവർത്തനം എത്രയും പെട്ടെന്ന് തീർക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ അബ്ദുൾ ഷുക്കൂർ പറഞ്ഞു. മണ്ണും കല്ലും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ പെട്ടെന്നുതന്നെ മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പണി തുടങ്ങി മൂന്നു ദിവസത്തിനകം ഏകദേശം 40 ശതമാനം പൊളിച്ചു കഴിഞ്ഞു. 15 ദിവസത്തിനകം കെട്ടിടം പൂർണമായി പൊളിച്ചുനീക്കുമെന്നും അധികൃതർ പറഞ്ഞു. കുത്തനൂർ, തോലനൂർ, കോങ്ങാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിലേക്കുള്ള 45 ഓളം ബസുകളാണ് സ്റ്റാന്റിൽ നിന്നും സർവീസ് നടത്തുന്നത്. ഒരേസമയം ആറുമുതൽ പത്തുവരെ ബസുകളാണ് സ്റ്റാന്റിനകത്ത് നിർത്തിയിടാൻ സൗകര്യമുണ്ടായിരുന്നത്. ടാക്‌സി സ്റ്റാന്റിനടുത്ത് നിലവിൽ ഈ സൗകര്യമില്ലാത്തിതിനാൽ വലിയ ബുദ്ധിമുട്ടുള്ളതായി ബസ് ജീവനക്കാർ പറയുന്നു.
ഫോട്ടോ.. മുനിസിപ്പൽ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി സ്റ്റാൻഡിലെ ബസുകൾ എതിർവശത്തെ ടാക്‌സി സ്റ്റാന്റിന് സമീപത്തേക്ക് മാറ്റിയപ്പോൾ