വടക്കഞ്ചേരി: ദേശീയപാതയോരത്ത് കണ്ടെത്തിയ അസ്ഥികൂടം മൂന്നര മാസംമുമ്പ് കാണാതായ വീട്ടമ്മയുടേതെന്ന് കണ്ടെത്തി. ദേശീയപാത ശങ്കരൻ കണ്ണൻതോടിന് സമീപം ചെമ്മണാംകുന്ന് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പുറകിലെ റബ്ബർ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

വടക്കഞ്ചേരി ചന്തപ്പുര സെയ്താലിയുടെ ഭാര്യ സൈനബ (60) ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ജൂൺ 28 ആണ് സഹോദരിയുടെ പീച്ചിയിലുള്ള വീട്ടിൽ നിന്നും ഇവരെ കാണാതാവുന്നത്. അന്നുതന്നെ പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

പീച്ചിയിൽ നിന്നും വടക്കഞ്ചേരിയിലാക്കാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇവർ പാലക്കാടുള്ള ഒരു മൊബൈൽ കടയിൽ മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് സാരിയും, അസ്ഥികൂടത്തിൽ മുടിയും, ലേഡീസ് ബാഗ്, പേഴ്‌സ്, ചെരുപ്പ് എന്നിവ കണ്ടെത്തിയിരുന്നു. ജൂസിന്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശരീരാവശിഷ്ടങ്ങൾ ഫിംഗർപ്രിന്റും ഫോറൻസിക് സയന്റിഫിക് വിദഗ്ദരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശരീരാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം വടക്കഞ്ചേരി ഷാഫി ജുമാഅത്ത് പള്ളി കബർസ്ഥാനിൽ സംസ്‌കരിച്ചു. മക്കൾ: ബഷീർ, റഷീദ്, ഷാജി. മരുമക്കൾ: റംലത്ത്, റംസി, റനില. ശരീരഭാഗങ്ങൾ രാസപരിശോധനക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലംവന്നാലെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് വടക്കഞ്ചേരി സി.ഐ ബി.സന്തോഷ് പറഞ്ഞു.