ചെർപ്പുളശ്ശേരി: സെപ്തംബർ 16ന് മുണ്ടക്കോട്ടുകുർശിയിലെ വീട്ടിലും ക്ഷേത്രത്തിലും നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി കയില്യാട് ചേരുംകുഴി വീട്ടിൽ മണികണ്ഠനെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അഗളി മലേശ്വരമുടി ക്ഷേത്രത്തിലെ ഭണ്ഡാര മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് മുണ്ടക്കോട്ടുകുർശിയിലെ മോഷണവും താനാണ് ചെയ്തതെന്ന് സമ്മതിച്ചത്. മുണ്ടക്കോട്ടുകുർശ്ശി മനമുള്ളി അബ്ബാസിന്റെ വീട്ടിൽ നിന്നും 18 പവൻ സ്വർണാഭരണങ്ങളും സമീപത്തെ കുന്നത്തുകാവ് ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരം കുത്തിതുറന്ന് പണവും പ്രതി മോഷ്ടിച്ചിരുന്നു. മോഷണം നടത്തിയ രീതി പൊലീസിനോട് വിവരിച്ചു. തൃശൂർ വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ നിന്നും ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 22 ളം മോഷണക്കേസുകളിലും ഒരു പീഡനക്കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

നാല് കേസുകളിലായി പത്ത് വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി 2018 ലാണ് പുറത്തിറങ്ങിയത്. അഗളിയിലെ മോഷണക്കേസിൽ റിമാന്റിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് ചെർപ്പുളശ്ശേരി പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ. തോംസൻ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

ഫോട്ടോ: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു