പാലക്കാട്: എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് അട്ടപ്പാടിയിൽ നടത്തിയ പരിശോധനയിൽ രണ്ടുമാസം പ്രായമായ 119 കഞ്ചാവു ചെടികൾ നശിപ്പിച്ചു. അട്ടപ്പാടി ഗോട്ടിയാർകണ്ടി ഊരിന് സമീപം കണ്ടുമലയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.
സിവിൽ എക്‌സൈസ് ഓഫീസർ പി.ബി. ജോൺസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എം.രാകേഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ കണ്ടുമലയിൽ അഞ്ച് മണിക്കൂറോളം നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടുപിടിച്ചത്. കഴിഞ്ഞ ആഴ്ച ഈ മലയുടെ പടിഞ്ഞാറു ഭാഗത്തുനിന്നും 393 കഞ്ചാവ് ചെടികൾ അടങ്ങിയ കഞ്ചാവ് നേഴ്‌സറി പിടികൂടിയിരുന്നു.
വന്യജീവികൾ തോട്ടം നശിപ്പിക്കാതിരിക്കാൻ വേണ്ടി പ്രത്യേകം വേലി കെട്ടി തിരിച്ച നിലയിൽ ആയിരുന്നു തോട്ടം. ഉൾകാട്ടിന് നടുക്കായി കാടുവെട്ടി തെളിച്ചാണ് തോട്ടം തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ എത്താനായി 100 മീറ്റർ ദൂരത്തിൽ തുരങ്കം നിർമിച്ചിരുന്നു. എക്‌സൈസ് സംഘം തോട്ടം കണ്ടുപിടിച്ചാൽ വീഴ്ത്താൻ വേണ്ടി ആണികൾ പലകയിൽ അടിച്ച് അള്ള് നിർമിച്ച് തുരങ്കത്തിന്റ വിവിധ ഭാഗങ്ങളിൽ വിതറിയിരുന്നു.
ഈ മാസം പിടികൂടിയ മൂന്നു തോട്ടങ്ങൾക്കും പിന്നിലും മൂന്നു പേർ അടങ്ങുന്ന സംഘമാണെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ വി. വേണുഗോപാലകുറുപ്പ് അറിയിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.പി. സുലേഷ് കുമാർ അട്ടപ്പാടിയിലെ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി നശിപ്പിക്കാനായി ആരംഭിച്ച ഓപ്പറേഷൻ ഡിസ്‌ട്രോയ്‌യുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ലോതർ പെരേറ, ആർ.എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. വേണുഗോപാൽ, പി.ബി. ജോൺസൺ, എം. ഷിനോജ്, വിശാഖ്, ആർ. ഉണ്ണികൃഷ്ണൻ, ഡ്രൈവർ പ്രദീപ് അയത്തിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.