dam
ചിറ്റൂർ ഡാം സ്ഥാപിക്കാൻ പോകുന്ന സ്ഥലം.

അഗളി: കിഴക്കൻ അട്ടപ്പാടിയിലെ കർഷകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു,​ അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കാനുള്ള നീക്കവുമായി അധികൃതർ. ഭവാനി പുഴയുടെ പോഷക നദിയായ ശിരുവാണിക്ക് കുറുകെ അഗളി - ഷോളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചിറ്റൂരിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കരട് വകുപ്പ് മന്ത്രിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ചു. 458 കോടി രൂപയുടെ പദ്ധതിരേഖയാണ് സമർപ്പിച്ചിട്ടുള്ളത്. യഥാക്രമം വനം,​ പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം കൂടി ലഭ്യമായാൽ ഉടൻ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

1970-ലാണ് എ.വി.ഐ.പി പദ്ധതിക്ക് തുടക്കമാവുന്നത്. പദ്ധതി നടത്തിപ്പിന് ആകെ 76 ഹെക്ടർ വനഭൂമിയും 229 ഹെക്ടർ സ്വകാര്യ ഭൂമിയും ആവശ്യമാണ്. 204 ഹെക്ടർ സ്വകാര്യഭൂമിയും 13.78 ഹെക്ടർ വനഭൂമിയും ആരംഭകാലത്തിൽ തന്നെ ഏറ്റെടുക്കുകയും ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്തർസംസ്ഥാന നദീജലത്തർക്കവും ഫണ്ടിന്റെ ലഭ്യതക്കുറവും കാരണം 1984ൽ പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ 4900 ഹെക്ടർ ഭൂമിയിൽ ജലസേചനസൗകര്യം ലഭിക്കും. കിഴക്കൻ അട്ടപ്പാടിയിലേക്ക് ജലസേചനത്തിനായി രൂപം നൽകിയിട്ടുള്ള കനാലുകൾ ചുണ്ടകുളം, വെങ്കകടവ്, കോട്ടമല ഊരുകൾക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്.

പദ്ധതിക്കായി ഏറ്റെടുത്ത ഭൂമികളിൽ പലതിലും ഇപ്പോൾ സ്വകാര്യവ്യക്തികൾ കൈയടക്കിയിരിക്കുകയാണ്. നിർദ്ധിഷ്ട ഡാമിനു വേണ്ടി മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട കട്ടേകാട് പ്രദേശത്ത് കുടിലുകൾവന്ന് ഇപ്പോഴത് ജനവാസമേഖലയായിട്ടുണ്ട്. റവന്യൂ വകുപ്പുമായി സഹകരിച്ചുള്ള വർവേ പൂർത്തിയായാൽ മാത്രമേ വനഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാകു.

ആദ്യം രൂപകല്പന ചെയ്ത കരിങ്കൽ ഡാമിനു പകരം റോളർ കോംപാക്ട് (ആർ.സി.സി) ഉപയോഗിച്ചാവും പുതിയ ഡാം നിർമ്മിക്കുന്നത്. 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുണ്ടാകും. എ.വി.ഐ.പിയ്ക്കു വേണ്ടി ആദ്യകാലത്ത് അഗളിയിലും ചിറ്റൂരിലും നിർമ്മിച്ച കെട്ടിടങ്ങളും യന്ത്രസാമഗ്രികളും കാലഹരണപ്പെട്ടു. അഗളിയിലെ എ.വി.ഐ.പി കെട്ടിടത്തിലാണ് നിലവിൽ ഭവാനി ബേസിൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവ പ്രവർത്തിക്കുന്നത്.