കോങ്ങാട്: വിശ്വാസത്തിന്റെ ഭാഗമായി ഭക്തർ വാൾതലപ്പിൽൽ വയ്ക്കുന്ന ദക്ഷിണ വെളിച്ചപ്പാട് സ്വീകരിക്കരുതെന്ന് മണ്ണൂർ കയ്മക്കുന്നത് ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ്. മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രത്തിലെ മുഴുവൻ സമയ ജീവനക്കാരനായ വെളിച്ചപ്പാട് ശമ്പളമല്ലാതെ വാളിൽ പണം സ്വീകരിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് ട്രസ്റ്റി ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് വെളിച്ചപ്പാട് ചന്ദ്രമോഹനൻ ക്ഷേത്ര നടയിൽ കുത്തിയിരിപ്പും നാമജപവും നടത്തി.
ആരിൽനിന്നും നിർബന്ധിച്ച് ദക്ഷിണവാങ്ങുന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി ഭക്തർ നൽകുന്നത് സ്വീകരിക്കുന്നും. 2011 മുതൽ ദേവസ്വം ബോർഡിന് കീഴിൽ വെളിച്ചപ്പാടായി സേവനമനുഷ്ഠിക്കുന്ന തനിക്ക അടുത്തിടെയാണ് ശമ്പളം ലഭിച്ചുതുടങ്ങിയത്. വാൾ ദുരുപയോഗം ചെയ്തുവെന്നാണ് തനിക്ക് ലഭിച്ച നോട്ടീസിൽ പറയുന്നതെന്നും ചന്ദ്രമോഹൻ പറയുന്നു. എന്നാൽ, ദേവസ്വം ബോർഡിന്റെ നിയമങ്ങൾക്കനുസരിച്ചുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്നും ബോർഡ് ചെയർമാൻ കെ.എസ്.ഉണ്ണി വ്യക്തമാക്കി.
വെളിച്ചപ്പാടിനെതിരെയുള്ള ട്രസ്റ്റി ബോർഡിന്റെ നടപടിയിൽ പ്രതിഷേധവുമായി ഭക്തജനങ്ങളും ക്ഷേത്രനടയിൽ ഒത്തുകൂടിയതോടെ മങ്കര പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഭക്തജനങ്ങളും ട്രസ്റ്റി ബോർഡ് അംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ
നോട്ടീസിന് വെളിച്ചപ്പാടിന്റെ മറുപടി ലഭിച്ചശേഷം 30നകം തീരുമാനമെടുക്കുമെന്നും ബോർഡ് ഉറപ്പു നൽകി.
ക്ഷേത്രനടയിൽ വെളിച്ചപ്പാടിന്റെ ആയുധം എന്ന നിലയിൽ വാളുവയ്ക്കുന്നതിൽ അപാകതയില്ല. വാൾ തലപ്പിൽ ഭക്തർ കാണിക്ക വയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തന്ത്രി കൈമുക്കുമന സുധീഷ് നമ്പൂതിരി പറഞ്ഞു.