ചിറ്റൂർ: കൊഴിഞ്ഞാമ്പാറ അത്തിക്കോടിനു സമീപം സൂര്യ പാറയിലെ അപകടവളവിൽ കഴിഞ്ഞദിവസം രാത്രി പൊലിഞ്ഞത് മൂന്ന് ജീവനുകൾ. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കൊഴിഞ്ഞാമ്പാറ കണ്ണമേട് കുളത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ റോഹിൻ (20), നല്ലേപ്പിള്ളി അപ്പുപിള്ളയൂർ ദിവാകരന്റെ മകൻ ദിലേജ് (19), ചിറ്റൂർ അത്തിക്കോട് നെടുമ്പാറ ഉദയലാലിന്റെ മകൻ പ്രജീഷ് ലാൽ (20) എന്നിവരാണ് മരിച്ചത്. മൂവരും കോയമ്പത്തൂർ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളാണ്.

സംസ്ഥാന പാതയിലെ സൂര്യപാറ വളവിൽ അപകടങ്ങൾ നിത്യസംഭവമാകുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ എട്ട് ജീവനുകളാണ് വളവിൽ പൊലിഞ്ഞത്. ഒരു വർഷത്തിനിടെ 24 പേർ മരണപ്പെട്ടു.

വാഹനാപകടങ്ങൾ തുടർക്കഥയാകുമ്പോഴും പൊതുമരാമത്ത് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പ് പാലിക്കേണ്ട മാനദണ്ഡങ്ങൾ യാതൊന്നും പാലിക്കുന്നില്ല. റോഡരികിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ: അപകടത്തിൽപ്പെട്ട ബൈക്ക്