പാലക്കാട്: ബി.ഒ.സി റോഡിൽ മേൽപാലം പണിതതോടെ റെയിൽവേ അടച്ചുകെട്ടിയ ജി.ബി. റോഡിൽ എസ്‌കലേറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിന് തിരിച്ചടി. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്‌കലേറ്റർ സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപ അധികമായി കണ്ടത്തേണ്ട അവസ്ഥയിലാണ് നഗരസഭ.
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും നഗരസഭയുടെ ആസൂത്രണത്തിലെ പിഴവാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. സ്ഥാപിക്കേണ്ട എസ്‌കലേറ്ററുകളെ സംബന്ധിച്ച് നഗരസഭ അധികൃതർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ഇതുമൂലം ടെൻഡർ നടപടികളിൽ ആരും പങ്കെടുത്തില്ല. തുടർന്ന് എസ്‌കലേറ്റർ സർവീസ് നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് നഗരസഭയുടെ വീഴ്ച ബോധ്യപ്പെട്ടത്.
2018 ഫെബ്രുവരി 22നാണ് ജി.ബി റോഡിലെ എസ്‌കലേറ്റർ പദ്ധതിക്ക് 3.545 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചത്. നഗരസഭ ചെയ്യേണ്ട നാല് എസ്‌കലേറ്ററുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ ഇലക്ട്രിക്കൽ / സിവിൽ പ്രവർത്തികൾക്കുമായി 1.90 കോടിരൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. പദ്ധതിരൂപ രേഖയിൽ ഉൾപ്പെടുത്തിയ ഇൻഡോർ സ്‌പെസിഫിക്കേഷനാണ് സാങ്കേതിക അനുമതി കിട്ടിയത്. ഇതിനായി മൂന്നുതവണ ടെൻഡർ നടപടികൾ സ്വീകരിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്നാണ് ചർച്ച നടത്തിയത്.
തുറസായ സ്ഥലത്ത് ഇൻഡോർ എസ്‌കലേറ്റർ സ്ഥാപിക്കുന്നത് ഉചിതമല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശേഷം നഗരസഭ എക്‌സിക്യൂട്ടീവ് എൻജിനീയർ കൺവീനറായി രൂപീകരിച്ച സമിതി വിഷയം പരിശോധിച്ച് ഇവിടെ ഹെവിഡ്യൂട്ടി ഔട്ട്‌ഡോർ എസ്‌കലേറ്റർ സ്ഥാപിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം നിലവിലെ നിർദേശത്തേക്കാൾ ഓരോ എസ്‌കലേറ്ററിനും 20 ലക്ഷംരൂപയും അധികമായി വേണ്ടിവരുമെന്നും വിലയിരുത്തി. ഇതുപ്രകാരം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇനി 80 ലക്ഷംരൂപ അധികം കണ്ടെത്തേണ്ട അവസ്ഥയിലാണ്.