ചിറ്റൂർ: ഗതാഗത നിയമങ്ങളും സംസ്ഥാന - ദേശീയ പാതകളിലെ നിയന്ത്രണങ്ങളെയും കാറ്റിപ്പറത്തി ചീറിപ്പായുന്ന ലോറികൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അമിതഭാരവുമായെത്തുന്ന ലോറികൾ നിയന്ത്രണമില്ലാതെ സർവീസ് നടത്തുന്നത് റോഡുകളുടെ തകർച്ചയ്ക്കും ഗതാഗതകുരുക്കിനും ഇടയാക്കുന്നു. ആക്ഷേപം ശക്തമാകുമ്പോൾ പേരിനൊരു പരിശോധന നടത്തി പിടിക്കപ്പെടുന്നവരിൽ നിന്ന് നിസാര പിഴയീടാക്കിവിടാണാണ് പൊലീസ് ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ള ക്വാറികളിൽ നിന്ന് കരിങ്കല്ലുമായി ദിവസേന നിരവധി ലോറികളാണ് അതിർത്തികടന്നെത്തുന്നത്. കിഴക്കൻ മേഖലയിലെ അതിർത്തി പ്രദേശമായ കുപ്പാണ്ട കൗണ്ടനൂർ, ഒഴലപ്പതി, കള്ളിയമ്പാറ സത്രം, മേനോൻ പാറ, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി റൂട്ടുകളിലായി ദിവസവും നൂറോളം ടോറസ് ലോറികളാണ് കടന്നുപോകുന്നത്. പുലർച്ചെ മുതൽ അർദ്ധരാത്രി വരെയും നീളും ഇവരുടെ മരണപ്പാച്ചിൽ.

40 ടണ്ണിലധികം ഭാരമുണ്ടാകും പല ലോറികളിലും. പക്ഷേ, ഇത് പരിശോധിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. ഇത്രയും ഭാരം താങ്ങാനുള്ള ഉറപ്പ് സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾക്കില്ല. ഇത് ഇനിയും തുടർന്നാണ് പ്രതിസന്ധി രൂക്ഷമാകുമെന്ന് യാത്രക്കാരും നാട്ടുകാരും പറയുന്നു.

ഇന്നലെ പരിശക്കൽ സത്രം ഭാഗത്ത് പൊലീസ് ചില വാഹനങ്ങൾ തടഞ്ഞ്, ചെറിയ പിഴയീടാക്കി വിട്ടിരുന്നു. തമിഴ്നാട്ടിലെ വൻകിട ക്വാറിമാഫിയകളുടെ ലോഡുകളാണ് ഇതുവഴി കടന്നുപോകുന്നത്. ഓരോ ലോഡിലും അധികൃതർക്ക് ഉപഹാരങ്ങൾ ലഭിക്കുന്നതായാണ് വിവരം.

വിഷയത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത ഇടപെടലാണ് ആവശ്യം.

ഫോട്ടോ:ഇന്നലെ സത്രം സ്‌കൂളിനു മുമ്പിൽ തടഞ്ഞിട്ട കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറികൾ