ചെർപ്പുളശ്ശേരി: കാറൽമണ്ണ തിരുമുല്ലപ്പുള്ളി മഹാദേവ ക്ഷേത്രത്തിൽ മഹാശ്രീചക്ര നവാവരണപൂജയുടെ സമാപനത്തോടനുബന്ധിച്ച് നടന്നശ്രീചക്ര നവാവരണമേളത്തിന്റെ കന്നിയരങ്ങ് പുത്തൻ അനുഭവമായി.
വാദ്യകലാകാരൻ കലാമണ്ഡലം ബലരാമന്റെ പ്രമാണത്തിലായിരുന്നു ശ്രീചക്ര നവാവരണമേളത്തിന്റെ കന്നിഅരങ്ങേറ്റം. നവാവരണ പൂജാവേളയിൽ ദേവിയെ പ്രസാദിപ്പിക്കുന്നതിനായിരുന്നു നവാവരണമേളവാദ്യമൊരുക്കിയത്. ശ്രീചക്രത്തിന്റെ ഒമ്പത് ആവരണങ്ങളെ ആസ്പദമാക്കിയാണ് മേളഘടന ചിട്ടപ്പെടുത്തി അവതരിപ്പിച്ചതെന്ന് കലാമണ്ഡലം ബലരാമൻ പറഞ്ഞു.
ലളിതാസഹസ്രനാമത്തിലെ നാമങ്ങളെ ആസ്പദമാക്കി മൂന്നു കാലങ്ങളായിട്ടായിരുന്നു അവതരണം.
ക്ഷേത്രംതന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ആചാര്യൻ അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. മുളയങ്കാവ് രാമദാസിന്റെ അഷ്ടപദി, തോട്ടം കുട്ടൻ നമ്പൂതിരി, കുന്നംപറമ്പ് ശങ്കരൻ നമ്പൂതിരി എന്നിവരുടെ പ്രഭാഷണവും ഉണ്ടായി. കലാമണ്ഡലം വയലാർ രാജേന്ദ്രൻ നയിച്ച നവാവരണ കീർത്തനാലാപനം, വിനീത നെടുങ്ങാടിയുടെ നൃത്തോപാസന എന്നിവയുമുണ്ടായി. കലാമണ്ഡലം വീണാ വാരിയരുടെ നവാവരണനൃത്തത്തോടെയായിരുന്നു പരിപാടി സമാപിച്ചത്.
ഫോട്ടോ : കലാമണ്ഡലം ബലരാമൻ ശ്രീചക്ര നവാവരണ മേളം അവതരിപ്പിക്കുന്നു