arrest

പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസുദ്യോഗസ്ഥൻ കുമാറിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഏഴു പൊലീസുകാർ ക്രൈംബ്രാഞ്ച് എസ്.പിക്ക് മുന്നിൽ കീഴടങ്ങി. എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, കെ.സി. മഹേഷ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, പ്രതാപ് എന്നിവരാണ് ഇന്നലെ ഉച്ചയോടെ എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് (അഞ്ച്) അനിൽ കെ.ഭാസ്കറിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൈക്കോടതിയിൽ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് നാടകീയമായ കീഴടങ്ങൽ. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, മോഷണക്കുറ്റം, എസ്.സി എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ഏഴുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതി ഡെപ്യൂട്ടി കമൻഡാന്റ് എൽ. സുരേന്ദ്രനെ നേരത്തേതന്നെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ശേഷം ഇയാൾ ജാമ്യത്തിലിറങ്ങുകയും ചെയ്തു.

ജൂലായ് 25നാണ് കുമാറിനെ ലക്കിടി റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജാതി വിവേചനവും മാനസിക, ശാരീരിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലും പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.